പാല്‍ഘറില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം: 70 കാരനും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 19 പേര്‍ കൂടി അറസ്റ്റില്‍
പാല്‍ഘര്‍: കുട്ടിക്കടത്ത് സംഘമെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്ന്യാസിമാരുള്‍പ്പെടെ മൂന്നുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 70കാരനും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 19 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 16 ന് ജില്ലയിലെ കാസ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗാഡ്ചിഞ്ചലെ ഗ്രാമത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അഞ്ച് കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര സിഐഡി ക്രൈം ബ്രാഞ്ച് സംഘമാണ് 19 പേരെക്കൂടി അറസ്റ്റ് ചെയ്തത്. ഇതില്‍ 70 വയസ്സുള്ള വയോധികനും എം ടെക് ബിരുദധാരിയും പ്രശസ്ത കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന പ്രൊഫഷനലും ഉള്‍പ്പെടുന്നുണ്ട്.
ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 248 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ 105 പേര്‍ക്ക് ജാമ്യം ലഭിച്ചു. കേസില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച അറസ്റ്റിലായവരെ ബുധനാഴ്ച പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തതായി അഭിഭാഷകന്‍ അമൃത് അധികാരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരെ താനെ ജില്ലയിലെ ഭീവണ്ടിയിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലോക്ക്ഡൗണ്‍ സമയത്ത് കുട്ടിക്കടത്തുകാര്‍ പ്രദേശത്ത് കറങ്ങുന്നുവെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ആദ്യം പാല്‍ഘര്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയും ഇതിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിക്കിനെ മഹാരാജ് കല്‍പ്പാവ്രുക്ഷഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35), ഡ്രൈവര്‍ നിലേഷ് തെല്‍ഗഡെ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
19 More Arrested In Palghar Lynching Case