പഴത്തിന്റെ മറവില്‍ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്: 502 കോടിയുടെ കൊക്കെയ്ന്‍ കടത്ത് കേസിലും വിജിന്‍ അറസ്റ്റില്‍

Update: 2022-10-08 05:56 GMT

തിരുവനന്തപുരം: പഴങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ട്. സെപ്തംബര്‍ 30 ന് വലന്‍സിയ ഓറഞ്ച് എന്ന പേരില്‍ എത്തിയ ലോഡില്‍ പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് പുറമെ ഒക്ടോബര്‍ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ കൊക്കെയ്ന്‍ പിടിച്ച സംഭവത്തിലും മലയാളികളായ വിജിനും മന്‍സൂറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

2018 മുതല്‍ ഇവര്‍ ഇത്തരത്തിലുള്ള ഇടപാട് നടത്തിയെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഗ്രീന്‍ ആപ്പിള്‍ സൂക്ഷിച്ച കണ്ടെയ്‌നറിലായിരുന്നു കഴിഞ്ഞ ദിവസം കൊക്കെയ്ന്‍ കടത്തിയത്. അതേസമയം ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിന്‍ പാക് ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തിന് മുംബൈയിലെ പഴം ഇറക്കുമതിയുടെ മറവിലെ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഗുജറാത്ത് ആറ് പാക് പൗരന്മാരെ അടക്കം 350 കോടി രൂപയുടെ മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.

സെപ്തംബര്‍ 30 ന് 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നിവയാണ് മുംബൈ തീരത്ത് വെച്ച് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 1476 കോടി വിലവരുന്ന ലഹരി മരുന്നാണ് ഡിആര്‍ഐ പിടികൂടിയത്. ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്. എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസിന്റെ കമ്പനിയായ യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. ചോദ്യം ചെയ്യലിനിടെ തന്റെ കൂട്ടാളി കാസര്‍കോട് സ്വദേശിയായ മന്‍സൂര്‍ തച്ചന്‍ പറമ്പന്‍ എന്നയാളാണ് പിടികൂടിയ കണ്‍സൈന്‍മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തതെന്ന് വിജിന്‍ പറഞ്ഞു. മുന്‍പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മന്‍സൂറിന് പങ്കില്ലെന്നാണ് കുടുംബം പറയുന്നത്.

കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നത്. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാന്‍ തീരുമാനിച്ചു. കച്ചവടത്തില്‍ മന്‍സൂറുമായി 70:30 അനുപാതത്തിലാണ് ലാഭം പങ്കുവെച്ചിരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയില്‍ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. വിജിന്റെ സഹോദരനും യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമയുമായ ജിബിന്‍ വര്‍ഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.

Tags:    

Similar News