മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: ശനിയാഴ്ച പുലര്‍ച്ചെ മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ ക്യാംപിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു. മൊയ്‌റാങ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നരന്‍സീനയിലെ ഐആര്‍ബിഎന്‍(ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍) ക്യാംപിന് നേരെയാണ് ആക്രമണം നടത്തിയത്. ക്യാംപ് ലക്ഷ്യമാക്കി മലമുകളില്‍ നിന്ന് ശക്തമായ വെടിവയ്പുണ്ടായതായാണ് പോലിസ് പറയുന്നത്. പുലര്‍ച്ചെ 12.30 ഓടെ തുടങ്ങി 2.15 വരെ വെടിയുതിര്‍ത്തു. ഇതിനിടെ എറിഞ്ഞ ബോംബ് സിആര്‍പിഎഫിന്റെ 128 ബറ്റാലിയന്റെ ഔട്ട്‌പോസ്റ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഐആര്‍ബിഎന്‍ ക്യാംപിന് സുരക്ഷയൊരുക്കാന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.