ഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22 പ്രതികളെയും കോടതി വെറുതെ വിട്ടു

Update: 2023-01-25 05:06 GMT

അഹമ്മദാബാദ്: 2002 ഗുജറാത്ത് വംശഹത്യക്കിടയില്‍ 17 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 22 പ്രതികളെയും കോടതി വെറുതെ വിട്ടു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഹലോള്‍ ടൗണിലെ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. ദിയോള്‍ ഗ്രാമത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസിലാണ് 22 പേരെ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി വെറുതെ വിട്ടത്. കുറ്റപത്രത്തില്‍ ആകെ 22 പ്രതികളുടെ പേരുകളുണ്ടായിരുന്നു. അതില്‍ എട്ട് പേര്‍ വിചാരണ കാലത്ത് മരിച്ചു.

ബാക്കി 14 പേരെയാണ് ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്. 2002 ഫെബ്രുവരി 28ന് 17 മുസ്‌ലിംകളെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അവരുടെ ശരീരം കത്തിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരേ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷികള്‍ കൂറുമാറുകയുമുണ്ടായി. ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് 2004 മുതല്‍ എല്ലാ പ്രതികളും പുറത്തായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. മൃതദേഹങ്ങളുടെ അസ്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും കോടതി പരിശോധിച്ചു.

പക്ഷേ, ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ലെന്ന് എല്ലാ പ്രതികള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍സിന്‍ഹ് സോളങ്കി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നൂറിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. കൊലപാതകം നടന്ന് ഏകദേശം രണ്ടുവര്‍ഷത്തിന് ശേഷം 2003 ഡിസംബറില്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള പോലിസിന്റെ പങ്കും ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2002ല്‍ നടന്ന സംഭവത്തില്‍ 2004ലാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കോടതി വിധി വന്നത്.

Tags:    

Similar News