'അതാതുര്‍ക്കിനെ അധിക്ഷേപിച്ചു'; ഓര്‍ഹന്‍ പാമുക്കിനെതിരേ വീണ്ടും അന്വേഷണം

അതിനിടെ, നോവലിസ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നീക്കമുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്

Update: 2021-11-16 09:58 GMT

അങ്കാറ: ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന മുസ്തഫ കെമാല്‍ അതാതുര്‍ക്കിനെ അധിക്ഷേപിച്ചെന്നാരോപച്ച് 2006ലെ സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവായ ഓര്‍ഹന്‍ പാമുക്കിനെതിരേ തുര്‍ക്കിയില്‍ വീണ്ടും അന്വേഷണം. ഇസ്മീറില്‍നിന്നുള്ള അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുനരാരംഭിച്ചിരിക്കുന്നത്.

അതിനിടെ, നോവലിസ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നീക്കമുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. പാമുകിന്റെ ഏറ്റവും പുതിയ നോവലായ 'നൈറ്റ്‌സ് ഓഫ് പ്ലേഗി'ല്‍' അതാതുര്‍ക്കിനെ അധിക്ഷേപിക്കുന്നതായി അഭിഭാഷകന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നോവലിസ്റ്റിനെതിരെ മുമ്പ് അന്വേഷണം നടത്തിയിരുന്നു. ഈ വര്‍ഷമാദ്യം ആയിരുന്നു അന്വേഷണം തുടങ്ങിയത്. നോവലിലെ ചില ഭാഗങ്ങള്‍, അതാതുര്‍ക്കിന്റെ ഓര്‍മകളെ സംരക്ഷിക്കുന്ന രാജ്യത്തെ നിയമങ്ങളെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു അഭിഭാഷകന്റെ പരാതി.എന്നാല്‍ നിയമനടപടിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍, കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു.

അതേസമയം ആരോപണങ്ങള്‍ പാമുക് നിഷേധിച്ചു. 'നൈറ്റ്‌സ് ഓഫ് പ്ലേഗ്' എന്ന നോവലിന് വേണ്ടി ഞാന്‍ അഞ്ച് വര്‍ഷം പണിയെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ ധീരരായ സ്ഥാപകരോട് ആരോടും പുസ്തകത്തില്‍ അനാദരവ് കാണിക്കുന്നില്ലെന്നും മറിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യവാദികളോടും നേതാക്കന്മാരോടുമുള്ള ബഹുമാനത്തോടും ആദരവോടും കൂടിയാണ് പുസ്തകം എഴുതിയതെന്നും പാമുക് പ്രതികരിച്ചു. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് നൊബേല്‍ പുരസ്‌കാര ദാതാക്കളായ സ്വീഡിഷ് അക്കാദമി പ്രതികരിച്ചു.

Tags:    

Similar News