ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: മുഖ്യപ്രതി കുറ്റക്കാരന്‍; മൂന്ന് പ്രതികളെ വെറുതെ വിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല കേസില്‍ മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി. മുഖ്യപ്രതി സന്ദീപ് താക്കൂറിനെ (20) മാത്രമാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ എസ്‌സി/എസ്ടി പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. സന്ദീപിന്റെ അമ്മാവന്‍ രവി (35), സുഹൃത്തുക്കളായ ലവ്കുഷ് (23), രാമു (26) എന്നിവരെയാണ് വെറുതെ വിട്ടത്. മുഖ്യപ്രതിയ്‌ക്കെതിരേ നരഹത്യാക്കുറ്റം മാത്രമാണ് തെളിയ്ക്കാനായത്.
ബലാല്‍സംഗമോ കൊലപാതകമോ അല്ല, ചെറിയ കുറ്റത്തിനാണ് സന്ദീപ് താക്കൂറിനെ ശിക്ഷിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കോടതി വിധിയില്‍ തൃപ്തരല്ലെന്നും വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. 2020 സപ്തംബറിലാണ് രാജ്യത്തെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല നടന്നത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചു. തുടര്‍ന്ന് വീട്ടുകാരുടെ അനുവാദമില്ലാതെ ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം അധികൃതര്‍ കൊണ്ടുപോയി ദഹിപ്പിച്ചത് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് 2020 ഒക്ടോബറില്‍ പോലിസ് നടപടിക്കെതിരേ അലഹബാദ് കോടതി സ്വമേധയ കേസെടുത്തിരുന്നു. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സംഭവത്തില്‍ ഗ്രാമത്തിലെ സവര്‍ണജാതിക്കാരായ നാല് താക്കൂര്‍മാരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.