പൗരത്വ നിയമഭേദഗതിക്കെതിരായ സമരം: 11 മുസ്‌ലിം യുവാക്കളെ കൊലക്കേസില്‍ നിന്ന് ഒഴിവാക്കി; ആക്രമണം നടത്തിയത് ഹിന്ദുസമുദായത്തില്‍ നിന്നുള്ളവരെന്ന് കോടതി

Update: 2025-03-19 17:34 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ ഹിന്ദുത്വര്‍ കലാപം നടത്തിയ കാലത്തെ ഒരു കൊലക്കേസില്‍ നിന്നും 11 മുസ്‌ലിം യുവാക്കളെ കോടതി വെറുതെവിട്ടു. ബബ്ബു എന്ന മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട കേസില്‍ പോലിസ് പ്രതിചേര്‍ത്ത റിസ്‌വാന്‍, ഇസ്രാര്‍ അഹമദ്, തയ്യാബ്, ഇഖ്ബാല്‍, മഅറൂഫ്, ജുബൈര്‍, ഷമീം, ആദില്‍, ഷഹാബുദ്ദീന്‍, ഫര്‍മന്‍, ഇമ്രാന്‍ എന്നിവരെയാണ് വെറുതെവിട്ടിരിക്കുന്നത്. ബബ്ബുവിനെ ആക്രമിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണ് കൊല നടത്തിയിരിക്കുന്നതെന്നും കാര്‍ക്കദൂമ കോടതി വ്യക്തമാക്കി.

''ഏകദേശം മൂന്ന് ദിവസത്തോളം ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ പിടിച്ചുകുലുക്കിയ കലാപത്തിലെ സംഭവങ്ങളിലൊന്നായിരുന്നു ഇതെന്ന് വ്യക്തമാണ്. ഇര മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളയാളാണ്. ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണെന്ന് പറയപ്പെടുന്ന ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ അദ്ദേഹത്തെ റോഡില്‍ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതായി വീഡിയോകള്‍ കാണിക്കുന്നു.''-ജഡ്ജി ചൂണ്ടിക്കാട്ടി.ഈ വീഡിയോ പോലിസ് തെളിവായി കൊണ്ടുവന്നില്ലെങ്കിലും പ്രതിഭാഗം ഹാജരാക്കി. ഇതാണ് കേസില്‍ നിര്‍ണായകമായത്.