ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യ വേദിയാകും; സിപിഎം അടക്കം 21 പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ

Update: 2023-01-12 01:02 GMT

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി, ചന്ദ്രശേഖർ റാവുവിൻ്റെ ബി ആർ എസ് , ഗുലാം നബി ആസാദിൻ്റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നിവയ്ക്ക് സമാപനയോഗത്തിലേക്ക് ക്ഷണം നൽകിയിട്ടില്ല. ഈ മാസം 30 ന് ശ്രീനഗറിലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.

2022 സെപ്തംബർ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്. 3,570 കിലോമീറ്റര്‍ പിന്നിട്ടാകും ജനുവരി 30 ന് കശ്മീരിൽ സമാപിക്കുക. ഇപ്പോൾ ജാഥ പഞ്ചാബിലൂടെയാണ് പര്യടനം.

Tags:    

Similar News