കൊവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് 25 ലക്ഷം രൂപ

കൊവിഡ് ബാധിതര്‍ക്ക് ചികിത്സയൊരുക്കുന്നതില്‍ സജീവമായിരുന്ന റേച്ചലിന്റെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കിയ മെഡിക്കല്‍ ഗ്രൂപ്പിന്റെ നടപടി പ്രശംസനീയമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

Update: 2020-06-19 09:15 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ ജീവന്‍നഷ്ടമായ മുന്നണിപ്പോരാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നല്‍കി ഡല്‍ഹി ആശുപത്രി. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത്‌കെയറിനു കീഴിലുള്ള ഡല്‍ഹി മെഡിയോര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിനാണ് ആശുപത്രി അധികൃതര്‍ അടിയന്തര സഹായവും പിന്തുണയുമായി എത്തിയത്. കുത്തബ് ഇന്‍സ്റ്റിറ്റിയുഷണല്‍ ഏരിയയിലെ മെഡിയോര്‍ ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി റേച്ചല്‍ ജോസഫിന്റെ കുടുംബത്തിനാണ് സഹായം.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റേച്ചല്‍ ജോസഫ് (48) ബുധനാഴ്ചയാണ് മരിച്ചത്. വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് കുടുബത്തിന് അടിയന്തര സഹായം കൈമാറി. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വസതിയില്‍ റേച്ചലിന്റെ കുടുംബാംഗം ഫാദര്‍ ജയ് വര്‍ഗീസ് സഹായം ഏറ്റുവാങ്ങി. ഡല്‍ഹിയിലും രാജ്യതലസ്ഥാന മേഖലയിലും കോവിഡിനെത്തുടര്‍ന്നു ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് എന്ന കൂട്ടായ്മയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്.

കൊവിഡ് ബാധിതര്‍ക്ക് ചികിത്സയൊരുക്കുന്നതില്‍ സജീവമായിരുന്ന റേച്ചലിന്റെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കിയ മെഡിക്കല്‍ ഗ്രൂപ്പിന്റെ നടപടി പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 'കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ ക്ലേശങ്ങളും മറന്നാണ് മുന്നിട്ടിറങ്ങുന്നത്. അവര്‍ക്കൊപ്പം സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. അത് അവര്‍ക്കും കുടുംബങ്ങള്‍ക്കും കരുത്തുപകരും. റേച്ചലിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസവുമേകുന്ന വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെയും ഡോ. ഷംഷീര്‍ വയലിലിന്റെയും മാതൃക രാജ്യത്തെ മറ്റു ആശുപത്രികളും പിന്തുടരുമെന്നാണ് പ്രതീക്ഷ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റേച്ചല്‍ ജോസഫിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും പ്രമേഹവും ഉണ്ടായിരുന്നതിനാല്‍ കൊവിഡ് ബാധിച്ച ശേഷം ആരോഗ്യനില മോശമാകാന്‍ കാരണമായിരുന്നു. തിരുവല്ല ഓതറ മാരാമണ്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമായ റേച്ചല്‍ ജോസഫ് 2007 മുതല്‍ മെഡിയോര്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജര്‍ ആന്‍ഡ് സൂപ്പര്‍വൈസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

മെഡിയോര്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ മുന്നണിപ്പോരാളിയായിരുന്നു റേച്ചലെന്ന് മെഡിയോര്‍ ഹോസ്പിറ്റല്‍സ് (ഡല്‍ഹി) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നിഹാജ് ജി മുഹമ്മദ് പറഞ്ഞു. റേച്ചലിന്റെ വിയോഗം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേദനാജനകമാണ്. ദീര്‍ഘകാലമായി മെഡിയോര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന റേച്ചലിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അവര്‍ക്ക് തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ജോസഫ് വര്‍ഗീസാണ് റേച്ചലിന്റെ ഭര്‍ത്താവ്. മകന്‍ അക്ഷയ് വര്‍ഗീസ് ജോസഫ് ഗുഡ്ഗാവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. 2001 മുതല്‍ കുടുബം ഡല്‍ഹിയിലാണ് താമസം. 

Tags:    

Similar News