കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ ബിജെപി വക്താവ് നിന്ദിച്ചതിനെതിരേ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധത്തില്‍ ഇതുവരെ 280 പേര്‍ അറസ്റ്റിലായെന്ന് സര്‍ക്കാര്‍. ബുധനാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി റിപോര്‍ട്ട് സമര്‍പ്പിച്ചത്.
ഹൗറ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയും ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ എസ് എന്‍ മുഖര്‍ജി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെ 99 പേരെയാണ് ഇവിടെ നിന്നും അറസ്റ്റുചെയ്തത്. കഴിഞ്ഞ 48 മണിക്കൂറായി സംസ്ഥാനത്ത് ഒരിടത്തുനിന്നും അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ കേന്ദ്ര സായുധസേനയെ വിന്യസിക്കണമെന്നും വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളിലെ സമരങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഈ അക്രമത്തിന് പിന്നിലെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ഹരജിക്കാര്‍ വാദിച്ചു.
എന്നാല്‍, കേന്ദ്ര സായുധ സേനയെ വിന്യസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. എന്‍ഐഎ അന്വേഷണവും കേന്ദ്ര സായുധ സേന വിന്യാസവും സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതി മാറ്റിവച്ചു. മറ്റ് ചില സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍, പശ്ചിമ ബംഗാളില്‍ അതിന്റെ തനിപ്പകര്‍പ്പ് ആവശ്യമില്ല. പകരം നിയമപ്രകാരമുള്ള എല്ലാ നടപടികളും വേണമെന്നും പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു. എന്നാല്‍, മതം നോക്കാതെ ജനങ്ങള്‍ക്കിടയില്‍ നല്ല ബോധമുണ്ടാവണമെന്നും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ഡിവിഷന്‍ ബെഞ്ച് അഭ്യര്‍ഥിച്ചു.