മൂന്ന് കോടി മുസ്ലിംകളും നാല് കോടി ദലിതുകളും വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേലാബ്‌സ് സിഇഒയുമായ സൈഫുല്ല ഈ രംഗത്ത് നടത്തിയ വിശദ പഠനത്തിലാണ് കോടിക്കണക്കിന് ദലിതുകളും മുസ്ലിംകളും വോട്ടര്‍പട്ടികയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയതെന്ന് സബ്‌രംഗ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

Update: 2019-03-15 16:30 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള 11 കോടി മുസ്ലിംകളില്‍ മൂന്ന് കോടി പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തെന്ന് സോഫ്റ്റ്‌വെയര്‍ നിര്‍മാണ വിദഗ്ധനായ ഖാലിദ് സെയ്ഫുല്ല. മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന്റെ സ്ഥാപകനും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേലാബ്‌സ് സിഇഒയുമായ സൈഫുല്ല ഈ രംഗത്ത് നടത്തിയ വിശദ പഠനത്തിലാണ് കോടിക്കണക്കിന് ദലിതുകളും മുസ്ലിംകളും വോട്ടര്‍പട്ടികയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയതെന്ന് സബ്‌രംഗ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. മൊത്തം വോട്ടര്‍മാരുടെ 15 ശതമാനവും മുസ്ലിം വോട്ടര്‍മാരുടെ 25 ശതമാനവും പട്ടികയില്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. ഇതു പ്രകാരം മൊത്തം വോട്ടര്‍മാരില്‍ 12.7 കോടി പേര്‍ക്കും മൂന്ന് കോടി മുസ്ലിം വോട്ടര്‍മാര്‍ക്കും 2019 മെയില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല. അര്‍ഹതയുള്ള 20 കോടി ദലിതുകളില്‍ നാല് കോടി പേര്‍ പട്ടികയ്ക്ക് പുറത്താണെന്നും പഠനത്തില്‍ വ്യക്തമായി.

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മൂന്നാമത് നാഷനല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് അദ്ദേഹം ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയിലാണ് വോട്ടര്‍ പട്ടികയിലെ തിരിമറി ആദ്യമായി ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പട്ടികയില്‍ പേരില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് മുസ്ലിംകള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്ന ഗുജറാത്തിലാണ് ആദ്യം അദ്ദേഹം പഠനം നടത്തിയത്. ഗുജറാത്തില്‍ ബിജെപി 3000ല്‍ താഴെ വോട്ടുകള്‍ക്ക് മാത്രം വിജയിച്ച 16 അസംബ്ലി മണ്ഡലങ്ങളില്‍ ഒരു വലിയ ശതമാനം മുസ്ലിം വോട്ടര്‍മാരും പട്ടികയ്ക്ക് പുറത്തായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമായി.



ഇതേ തുടര്‍ന്നാണ് മിസ്സിങ് വോട്ടേഴ്‌സ് ആപ്പിന് തുടക്കമിട്ടത്. മണ്ഡലങ്ങളിലെ മുഴുവന്‍ തെരുവുകളുടെ പേരുകളും ഓരോ തെരുവിലെയും വീടുകളുടെ എണ്ണവും ഓരോ വീട്ടിലെയും വോട്ടര്‍മാരുടെ എണ്ണവും ആപ്പില്‍ ഉണ്ട്. ആപ്പ് ഉപയോഗിച്ച് പട്ടികയില്‍ നിന്ന് ഒഴിവായ വോട്ടര്‍മാരെ കണ്ടെത്താനും ഓണ്‍ലൈന്‍ വഴി പുതിയ വോട്ടര്‍ ഐഡിക്ക് അപേക്ഷിക്കാനും സാധിക്കും. മിസ്സിങ് വോട്ടേഴ്‌സ് ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 8099 683 683 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്ത് ആപ്പ് നിര്‍മാതാവുമായി ബന്ധപ്പെടാവുന്നതാണ്.

പല രാഷ്ട്രീയക്കാരും വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫോം 7 ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആപ്പിന്റെ സഹായത്തോടെ ഇതിനകം 800 അസംബ്ലി മണ്ഡലങ്ങളിലെ 1.6 കോടി മിസ്സിങ് വോട്ടര്‍മാരുള്ള വീടുകള്‍ കണ്ടെത്തി. അതില്‍ 40 ലക്ഷം മുസ്ലിംകളാണ്. 9000 വോളന്റിയര്‍മാര്‍ ഇതിനകം ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാല്‍ ലക്ഷത്തോളം പുതിയ വോട്ടര്‍ ഐഡികള്‍ ഉണ്ടാക്കാനും ആപ്പ് വഴി സാധിച്ചതായി സൈഫുല്ല അവകാശപ്പെട്ടു.

ആപ്പിന്റെ സഹായത്തോടെ കര്‍ണാടകയില്‍ വലിയ വിജയം നേടിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ 18 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് ആപ്പിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 12,000 വോളന്റിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാഴ്ച്ച നീണ്ട പരിശ്രമത്തിലൂടെ 12 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനായി. ഫോം 7മായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഡാലോചന, മുസ്ലിംകളുടെയും ദലിതുകളുടെയും നിസ്സഹായാവസ്ഥ, നിരക്ഷരത തുടങ്ങിയവ വോട്ടുകള്‍ അപ്രത്യക്ഷമാവാന്‍ കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

ഏപ്രില്‍ 11ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ ധരംപൂര്‍, റായ്പൂര്‍, മുസോറി മേഖലയില്‍ ചേതനാ ആന്തോളന്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ മൊത്തം വോട്ടര്‍മാരുടെ 13 ശതമാനത്തോളം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഇതില്‍ 90 ശതമാനവും ദലിതുകളും മുസ്ലിംകളുമാണ്.

നിങ്ങള്‍ ഉത്തര്‍പ്രദേശിലെ നാലംഗ മുസ്ലിം കുടുംബത്തില്‍പ്പെട്ട ഒരാളാണെങ്കില്‍ അതില്‍ മൂന്ന് പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അവസരം കിട്ടാന്‍ സാധ്യതയുള്ളു എന്ന് ഹിന്ദു ഫ്രണ്ട്‌ലൈന്‍ ഈയിടെ റിപോര്‍ട്ട് ചെയ്തിരുന്നു. നാലാമത്തേയാളുടെ പേര് മിക്കവാറും പട്ടികയില്‍ ഉണ്ടാവില്ല. തമിഴ്‌നാട്ടിലും സമാനമായ സാഹചര്യം കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും സ്ഥിതി മെച്ചമല്ല.  

Tags:    

Similar News