ഈദ്ഗാഹ്-ഗ്യാന്‍വാപി മസ്ജിദ്, വഖ്ഫ് ബില്ല്; ഡല്‍ഹിയില്‍ വിഎച്ച്പി യോഗത്തില്‍ 30ലേറെ റിട്ട. ജഡ്ജിമാര്‍

Update: 2024-09-10 11:26 GMT

ന്യൂഡല്‍ഹി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടത്തിയ യോഗത്തില്‍ 30ലേറെ റിട്ട. ജഡ്ജിമാര്‍ പങ്കെടുത്തു. വിഎച്ച്പിയുടെ ലീഗല്‍ സെല്ലായ വിധി പ്രകോസ്ത് ഞായറാഴ്ച സംഘടിപ്പിച്ച ജഡ്ജസ് മീറ്റിലാണ് സുപ്രിം കോടതിയിലെയും നിരവധി ഹൈക്കോടതികളിലെയും വിരമിച്ച 30ലേറെ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്തത്. ബാബരി മസ്ജിദിനു ശേഷം സംഘപരിവാരം അവകാശവാദം ഉന്നയിക്കുന്ന മഥുര ഷാഹി ഈദ്ഗാഹ്-വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുകള്‍, വിവാദമായ വഖ്ഫ് ഭേദഗതി ബില്ല്, മതപരിവര്‍ത്തനം, പശുക്കശാപ്പ് തുടങ്ങിയവയാണ് ചര്‍ച്ച ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

   


കാശി, മഥുര ബാക്കീ ഹേ എന്ന വിഎച്ച്പി മുദ്രാവാക്യം പൂര്‍ണതയിലെത്തിക്കുന്നതിന്റെ ഭാഗമെന്നോണമാണ് ആദ്യമായി ഇത്രയധികം റിട്ട. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മറ്റും യോഗം വിളിച്ചത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പങ്കെടുത്ത യോഗത്തില്‍ രാജ്യവ്യാപകമായ കോടിക്കണക്കിന് ഏക്കറുകളുള്ള വഖ്ഫ് സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ബോര്‍ഡ് ബില്ലും ചര്‍ച്ച ചെയ്തിട്ടുണ്ട്. സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച ജഡ്ജിമാരെ ഞങ്ങള്‍ ക്ഷണിച്ചിരുന്നുവെന്നും വഖ്ഫ് ഭേദഗതി ബില്ല, ക്ഷേത്രങ്ങള്‍ തിരികെ നല്‍കല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങള്‍ സമൂഹത്തിന് കൈമാറല്‍, മതംമാറ്റം തുടങ്ങിയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും വിഎച്ച്പി പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ക്ഷേത്രങ്ങള്‍ തിരികെ നല്‍കല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈദ്ഗാഹ്, ഗ്യാന്‍വാപി മസ്ജിദുകള്‍ വിട്ടുകൊടുക്കലിനെയാണ്. മാത്രമല്ല, രാജ്യത്ത് അങ്ങോളമിങ്ങോളമായി 3000ത്തോളം മസ്ജിദുകള്‍ക്കു മേല്‍ വിഎച്ച്പി അവകാശവാദം ഉന്നയിച്ചിരുന്നു.

  आज विश्व हिंदू परिषद के विधि प्रकोष्ठ द्वारा आयोजित Judge's Meet समारोह में सहभागिता करके विकसित भारत के निर्माण संबंधित न्यायिक सुधारो से जुड़े विषयों पर विस्तृत संवाद किया।
इस अवसर पर विश्व हिंदू परिषद के अध्यक्ष श्री आलोक कुमार जी की गरिमामयी उपस्थित में सेवानिवृत्त… pic.twitter.com/4CSkoeuE0a

ന്യായാധിപന്മാരും വിഎച്ച്പിയും തമ്മില്‍ അഭിപ്രായ വിനിമയം നടത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും അതുവഴി പരസ്പര ധാരണ ഊട്ടിയുറപ്പിക്കുകയാണൈന്നും വിഎച്ച്പി ദേശീയ പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ തന്നെയാണ് എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. 'വിഎച്ച്പി ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. സ്ഥിരമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം ആശയ വിനിമയം നിയമ വൈദഗ്ധ്യവും കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ സഹായിക്കും. മാത്രമല്ല, ഞങ്ങളുടെ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന് ചില നിയമപരമായ ധാരണകള്‍ വികസിപ്പിക്കുകയും ചെയ്യും. എല്ലാറ്റിനുമുപരി ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള നിയമപരമായ വഴികള്‍ നോക്കുകയാണെന്നും ഒരു മുതിര്‍ന്ന വിഎച്ച്പി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

    നൂറ്റാണ്ടുകളോളം മുസ് ലിംകള്‍ ആരാധന നടത്തുകയും പരിപാലിക്കുകയും ചെയ്യുന്ന ഗ്യാന്‍വാപി, ഷാഹി ഈദ്ഗാഹ് മസ്ജിദ് എന്നിവ പിടിച്ചെടുക്കാന്‍ വേണ്ടി ഹിന്ദുത്വര്‍ നടത്തുന്ന നിയമനടപടികള്‍ വിവിധ കോടതികളുടെ പരിഗണനയിലിരിക്കെയാണ് വിഎച്ച്പി നടത്തിയ പരിപാടിയില്‍ വിരമിച്ച ജഡ്ജിമാര്‍ കൂട്ടത്തോടെ പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നെന്നും വിരമിച്ച ജഡ്ജിമാര്‍, ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍, ബുദ്ധിജീവികള്‍ എന്നിവര്‍ പങ്കെടുത്തെന്നുമാണ് വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞത്. ദേശീയതയെയും ഹിന്ദുത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങള്‍, ക്ഷേത്രങ്ങളുടെ വിമോചനം, മതപരിവര്‍ത്തനം, പശുക്കശാപ്പ്, വഖ്ഫ് ബോര്‍ഡ് ബില്ല് എന്നിവ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അലോക് കുമാര്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ തുടങ്ങിയ വിഎച്ച്പിയുടെ മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയ ചില മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്കെതിരേ സുപ്രിംകോടതി ഉള്‍പ്പെടെ വിമര്‍ശനമുവായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യോഗം എന്നതും കൂട്ടിവായിക്കേണ്ടതാണ്. മൂന്നാംമോദി സര്‍ക്കാരിലെ എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയു, എല്‍ജെപി എന്നിവരും ബിജെപിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയിലും വഖഫ് ബില്ലിനെതിരേ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ എതിര്‍പ്പ് കാരണം വഖ്ഫ് ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്. രണ്ടുതവണ ജെപിസി യോഗം ചേര്‍ന്നെങ്കിലും അലസിപ്പിരിയുകയായിരുന്നു. മതവിശ്വാസികള്‍ കൈമാറിയ വഖ്ഫ് ഭൂമി കൈക്കലാക്കാനാളുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഎച്ച്പിയുടെ പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്.

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത്  2019ല്‍ സുപ്രിം കോടതി വിധിയിലൂടെ രാമക്ഷേത്രം നിര്‍മിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രാണപ്രതിഷ്ഠ നടത്തിയത്. ബാബരി മസ്ജിദ് കേസില്‍ ഹിന്ദുത്വര്‍ക്ക് അനുകൂലമായി സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ കാശി, മഥുര മസ്ജിദുകള്‍ക്കു മേലുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ആര്‍എസ്എസ് പറഞ്ഞിരുന്നെങ്കിലും നേര്‍വിപരീതമായാണ് നടപടികളുമായി മുന്നോട്ടുപോവുന്നത്. ഗ്യാന്‍വാപി, ഷാഹി ഈദ്ഗാഹ് മസ്ജിദുകളിലും ബാബരി മസ്ജിദിനു സമാനമായ വിധി കോടതികളില്‍നിന്ന് ഉണ്ടാവുമെന്നാണ് വിഎച്ച്പിയുടെ കണക്കുകൂട്ടല്‍. അതിനു വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുക എന്നതുകൂടിയാണ് ജഡ്ജിമാരുടെ യോഗത്തിലൂടെ വിഎച്ച്പി ലക്ഷ്യമിടുന്നത്.

Tags:    

Similar News