അല്‍പം ആശ്വാസം; രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, 24 മണിക്കൂറിനിടെ 4,000 മരണം
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുനാളുകളായി കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അല്‍പം കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,43,144 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,000 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്തിടെ തുടര്‍ച്ചയായി പ്രതിദിന രോഗികളുടെ എണ്ണം നാലുലക്ഷത്തിന് മുകളിലായിരുന്നു.
കൊവിഡ് രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് ഉയര്‍ന്നുനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേര്‍ രോഗമുക്തി നേടി. ഇതുവരെ 2,00,79,599 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തുടനീളം 2,40,46,809 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവില്‍ ചികില്‍സയിലുള്ളത്. 2,62,317 പേര്‍ ഇതുവരെ കൊവിഡിന്റെ പിടിയില്‍പ്പെട്ട് മരണപ്പെട്ടു. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍. രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളില്‍ 49.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്.
പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 42,582 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52,69,292 ആയി ഉയര്‍ന്നിട്ടുണ്ട്. 5,33,294 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഒരുദിവസം മാത്രം 850 പേര്‍ മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 78,857 ആയി. ഇതുവരെ 46,54,731 പേരുടെ രോഗം ഭേദമായി.
24 മണിക്കൂറിനിടെ 54,536 പേരുടെ രോഗം ഭേദമായതായാണ് കണക്ക്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും രോഗവ്യാപനമേറുന്നുണ്ട്. രാജ്യത്തുടനീളം 17,92,98,584 പേര്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി. 31,13,24,100 പേരുടെ സാംപിള്‍ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 18,75,515 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.