ധാര്‍ഷ്ട്യം തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍; ലക്ഷദ്വീപില്‍ കൂട്ട സ്ഥലംമാറ്റം, 39 പേരെ സ്ഥലം മാറ്റി

ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയും നിഷേധിച്ചു.

Update: 2021-05-27 07:15 GMT

കവരത്തി: ജനവിരുദ്ധ നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ മുന്നോട്ട്. ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി.39 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്നാണ് വിശദീകരണം. ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ അനുമതിയും നിഷേധിച്ചു.

ഫിഷറീസിലെ കൂട്ടസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. ഫിഷറീസ് വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. എത്രയും പെട്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കാന്‍ ഉത്തരവിലുണ്ട്. പകരം ഉദ്യോഗസ്ഥര്‍ വരാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് സ്ഥലംമാറ്റം ലഭിച്ചവര്‍ക്ക് വിടുതല്‍ നല്‍കണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കൂട്ട സ്ഥലംമാറ്റം. നേരത്തെ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ലക്ഷദ്വീപ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചു. കോവിഡ് സാഹചര്യവും കര്‍ഫ്യൂ പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് എഐസിസി സംഘത്തിന് അനുമതി നിഷേധിച്ചത്.

Tags:    

Similar News