ഇറാനിയന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് ജാമ്യം
അന്വേഷണം തുടരുകയാണെന്നും ഗ്രേസ് 1 എണ്ണക്കപ്പല്‍ വിട്ടുനല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.
ലണ്ടന്‍: കഴിഞ്ഞയാഴ്ച ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വച്ച് ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇറാനിയന്‍ എണ്ണ കപ്പലിലെ ജീവനക്കാരായ നാലു ഇന്ത്യക്കാര്‍ക്ക് ജാമ്യം. ഇവര്‍ക്കെതിരേ കുറ്റംചുമത്തിയിട്ടില്ലെന്നും ജിബ്രാള്‍ട്ടര്‍ റോയല്‍ പോലിസ് അറിയിച്ചു.
അന്വേഷണം തുടരുകയാണെന്നും ഗ്രേസ് 1 എണ്ണക്കപ്പല്‍ വിട്ടുനല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു. 2019ലെ ഉപരോധ നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുത്ത കപ്പലിനെതിരേ അന്വേഷണം തുടരുകയാണെന്ന് റോയല്‍ ജിബ്രാള്‍ട്ടര്‍ പോലിസ് വക്താവ് അറിയിച്ചു. കപ്പലിലെ ക്യാപ്റ്റനെയും ചീഫ് ഓഫിസറെയും വ്യാഴാഴ്ചയും മറ്റു രണ്ടു പേരെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.
കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിയമ സഹായവും ബന്ധുക്കളുമായി ടെലിഫോണില്‍ സംസാരിക്കാന്‍ അവസരവും നല്‍കിയതായി പോലിസ് അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ചയാണ് ഇറാനിയന്‍ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. ജിബ്രാള്‍ട്ടറുടെ അധികൃതരുടെ ആവശ്യപ്രകാരമാണ് ബ്രിട്ടീഷ് സൈന്യം ഇടപെട്ടത്. ബ്രിട്ടനും സ്‌പെയിനുമിടയില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണ് ജിബ്രാള്‍ട്ടര്‍.
എന്നാല്‍ ബ്രിട്ടന്റെ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്നും അല്ലാത്ത പക്ഷം സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.