ഇന്ത്യയില്‍ കൊവിഡ് മരണസംഖ്യ 420; ഇന്ന് 941 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച 28 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 420 ആയി ഉയര്‍ന്നത്
ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് മരണസംഖ്യ 420 ആയി. 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകള്‍. ഇതിനിടെ, മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 26 പേര്‍ക്ക് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച 28 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 420 ആയി ഉയര്‍ന്നത്. രാജ്യത്ത് ആകെ 941 കൊറോണ വൈറസ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 12,759 ആയി ഉയര്‍ന്നു. ഇതില്‍ 1514 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. 187 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1578 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്.
മുംബൈയിലെ ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ഇവിടെ മാത്രം മരണസംഖ്യ ഒമ്പതായി. വ്യാഴാഴ്ച രാവിലെ 11 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരുന്നു. വൈകുന്നേരത്തോടെ 15 പേര്‍ക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇന്ന് രോഗബാധിതരുടെ എണ്ണം 26 ആയി ഉയര്‍ന്നത്.