ഹമാസിനെ തോല്‍പ്പിക്കാനായില്ലെന്ന് 53% ഇസ്രായേലികള്‍; തോല്‍പ്പിച്ചെന്ന് 9 ശതമാനം

Update: 2024-01-13 10:41 GMT

തെല്‍ അവീവ്: ഗസയില്‍ 100 ദിവസത്തോളമായി നടത്തുന്ന യുദ്ധത്തില്‍ ഇസ്രായേലിന് ഇതുവരെ ഹമാസിനെ പരാജയപ്പെടുത്താനായിട്ടില്ലെന്ന് 53 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നു. യുദ്ധം നാളെ നൂറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ച ഇസ്രായേലിലെ മാരിവ് പത്രത്തിന് വേണ്ടി ലാസര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വിവരങ്ങളാണ് പുറത്തുവന്നത്. 22 ശതമാനം പേര്‍ ഇസ്രായേല്‍ സൈന്യം ഇതിനകം യുദ്ധത്തില്‍ പരാജയപ്പെട്ടെന്ന അഭിപ്രായപ്പെട്ടപ്പോള്‍ ഒമ്പത് ശതമാനം പേര്‍ മാത്രമാണ് ജയം കൈവരിച്ചതായി അവകാശപ്പെട്ടത്. യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിച്ചോ തോറ്റതോ എന്ന ചോദ്യത്തിന് ഒമ്പത് ശതമാനം പേര്‍ ഇസ്രായേല്‍ മഹത്തായ വിജയം കൈവരിച്ചുവെന്നും 53 ശതമാനം പേര്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്. എട്ട് ശതമാനം തകര്‍പ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെന്ന് പറഞ്ഞപ്പോള്‍ എട്ട് ശതമാനം പേര്‍ അഭിപ്രായം പറയാന്‍ തയ്യാറായില്ല. ഗസയിലെ പോരാട്ടത്തില്‍ പുരോഗതി മന്ദഗതിയിലാണെന്ന തോന്നവു ബന്ദിമോചനത്തില്‍ തുടരുന്ന സ്തംഭനാവസ്ഥയുമെല്ലാം ലിക്കുഡ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജനസമ്മിതി വന്‍തോതില്‍ ഇടിച്ചതായും പത്രം റിപോര്‍ട്ട് ചെയ്യുന്നു. നെസെറ്റില്‍ ആകെയുള്ള 120 സീറ്റുകളില്‍ 16 സീറ്റുകള്‍ മാത്രമാണ് ലിക്കുഡ് പാര്‍ട്ടിക്ക് അനുകൂലം. ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ യൂനിറ്റി പാര്‍ട്ടിക്കാണ് മുന്നേറ്റം. പാര്‍ട്ടി 39 സീറ്റില്‍ മുന്നിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള യെഷ് ആറ്റിഡ് പാര്‍ട്ടിക്ക് 13 സീറ്റുകളില്‍ മാത്രമാണ് നേട്ടം. കഴിഞ്ഞ ആഴ്ചയിലെ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഖ്യം 46 ല്‍നിന്ന് വീണ്ടും മൂന്ന് സീറ്റുകള്‍ കുറഞ്ഞ് 44ലെത്തി. ഇസ്രായേലിന്റെ പ്രധാനമന്ത്രിയാവാന്‍ ആരാണ് കൂടുതല്‍ അനുയോജ്യനെന്ന ചോദ്യത്തിന് നിലവിലുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ലഭിച്ചത് 29 ശതമാനം പേരുടെ പിന്തുണ മാത്രമാണ്. ബെന്നി ഗാന്റ്‌സിനാവട്ടെ 51 ശതമാനം പേരുടെ പിന്തുണയുണ്ട്. എന്നാല്‍, 20 ശതമാനം പേര്‍ അറിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

Tags:    

Similar News