ലഹരി വിമുക്തി; ദുബയ് പോലിസിന്റെ പദ്ധതി പ്രയോജനപ്പെടുത്തിയത് 576 കുടുംബങ്ങള്‍

Update: 2022-12-05 02:25 GMT

ദുബയ്: മയക്കുമരുന്ന് അടിമത്തത്തില്‍ നിന്ന് മോചിതരാകാനുള്ള ദുബായ് പോലിസിന്റെ പദ്ധതി 576 കുടുംബങ്ങള്‍ പ്രയോജനപ്പെടുത്തി. അഞ്ച് വര്‍ഷത്തിനിടെയാണ് ഇത്രയും പേര്‍ പോലിസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗമായ ഹിമായ ഇന്റര്‍നാഷനലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 പ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വിമുക്തി നേടുന്നതിന് പോലിസിനെ സമീപിക്കാം. നേരത്തെ ലഹരി ഉപയോഗിച്ചതിന് പോലിസ് ക്രിമിനല്‍ കേസെടുക്കില്ല.

നിരവധി പേരിപ്പോള്‍ ചികില്‍സയ്ക്കായി നിര്‍ഭയം പോലിസിനെ സമീപിക്കുന്നുണ്ട്. ദുബയ് പോലിസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ വാര്‍ഷിക വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവലോകന യോഗത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ഇന്‍ചീഫ് വിദഗ്ധനായ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ സാന്നിധ്യത്തില്‍ ദുബയ് പോലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മയക്കുമരുന്ന് കടത്തുകാരെയും വില്‍പ്പനക്കാരെയും കണ്ടെത്തുന്നതിനും പിടികൂടുന്നതിനും നൂതനമായ സംവിധാനങ്ങള്‍ വികസിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കമാന്‍ഡര്‍ ഇന്‍ ചീഫ് പ്രശംസിച്ചു. വാര്‍ഷിക റിപോര്‍ട്ട് അനുസരിച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റി നാര്‍ക്കോട്ടിക്‌സ് 2021ല്‍ 6.6 ടണ്ണിലധികം മയക്കുമരുന്നുകളും മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു.

2021ല്‍ യുഎഇയില്‍ പിടിച്ചെടുത്ത മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള 46 ശതമാനം പ്രതികളില്‍ 47.2 ശതമാനം പേരെയും അറസ്റ്റ് ചെയ്യുന്നതിനും ഇത് കാരണമായി. കഴിഞ്ഞ വര്‍ഷം, ഡിപ്പാര്‍ട്ട്‌മെന്റ് ലെയ്‌സണ്‍ ഓഫിസര്‍മാരുടെ സഹകരണത്തോടെ 27 രാജ്യങ്ങളിലേക്ക് 89 സുരക്ഷാ മുന്‍കരുതലുകള്‍ കൈമാറി. ഇത് 36 അന്താരാഷ്ട്ര പ്രതികളെ അറസ്റ്റുചെയ്യുന്നതിന് കാരണമായി. മൊത്തം 4.4 ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് കടത്തും വില്‍പ്പനയുമായി ബന്ധപ്പെട്ട 340 വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളും ഡിപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക് ചെയ്തു. ഇത് 91 പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചു. ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹരേബ്, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റി നാര്‍കോട്ടിക് ഡയറക്ടര്‍ ഡോ. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സലന്‍സ് ആന്റ് പയനിയറിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ സാലിഹ് അല്‍ ഹംറാനി, കൂടാതെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News