തിരുവനന്തപുരം: സംസ്ഥാനത്ത് കഞ്ചാവ് കേസുകൾ വർധിച്ചു വരുന്നു. കഴിഞ്ഞ വർഷം മാത്രം 7400 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് നിയമസഭയിൽ എക്സൈസ് മന്ത്രി വ്യക്തമാക്കി. 2018 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുളള കണക്കാണ് മന്ത്രി അവതരിപ്പിച്ചത്.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത് എറണാകുളത്താണ്. 922 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടത്, എന്നാൽ 804 കേസുകളോടെ ആലപ്പുഴയും തൊട്ടു പുറകിലുണ്ട്. മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഈ ജില്ലകളിൽ സ്‌കൂൾ വിദ്യാർഥികളാണ് ഏറെയും ഉപയോഗക്കാർ എന്ന റിപോർട്ടുകളും നേരത്തെ പുറത്ത്‌വന്നിട്ടുണ്ട്. അതേസമയം കാസർഗോഡ് ജില്ലയിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവ് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. വെറും 129 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എൻഡിപിഎസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ കുത്തനെയുള്ള വർധനയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2009ൽ 239 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ 2019 എത്തുമ്പോഴേക്ക് 7573 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാക്കളിലും കൗമാരക്കാരിലും ലഹരി ഉപയോഗം വർധിച്ചു വരുന്നതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.