മോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു

Update: 2023-05-27 09:24 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് എട്ട് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പങ്കെടുക്കാത്തതിന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാത്തതിന് പ്രത്യേക കാരണമൊന്നും അറിയിച്ചിട്ടില്ല. കേന്ദ്രത്തിന്റെ സമീപകാല ഓര്‍ഡിനന്‍സിനെതിരേ യോഗം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതുകയും രാജ്യത്തെ സഹകരണ ഫെഡറലിസം ഒരു 'തമാശ' ആക്കി മാറ്റുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ്, ബ്യൂറോക്രസിയുടെ മേല്‍ ഡല്‍ഹി സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് നിയന്ത്രണം അനുവദിച്ച മെയ് 11 ലെ സുപ്രിംകോടതി ഉത്തരവിനെതിരായ നീക്കം എന്നിവയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പഞ്ചാബിന്റെ താല്‍പ്പര്യങ്ങള്‍ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാലാണ് യോഗം ബഹിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി ഭഗവന്ത് മന്‍ കേന്ദ്രത്തിന് കുറിപ്പെഴുതിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന യോഗത്തില്‍, ഗ്രാമവികസന ഫണ്ട് (ആര്‍ഡിഎഫ്), കര്‍ഷകരുടെ ആശങ്കകള്‍ എന്നിവ കേന്ദ്രം ശ്രദ്ധിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നീതി ആയോഗ് യോഗം വെറും 'ഫോട്ടോ സെഷന്‍' എന്ന് വിളിച്ച അദ്ദേഹം തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ യോഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷത്തിന്റെ വലിയൊരു മുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുന്ന തെലങ്കാനയിലെ കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി, ബിഹാറിലെ നിതീഷ് കുമാര്‍ എന്നിവരും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

    എന്‍ഡിഎയില്‍ നിന്നും പ്രതിപക്ഷത്തുനിന്നും സമദൂരം പാലിക്കുന്ന ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും യോഗത്തിനെത്തിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാല്‍ പങ്കെടുത്തില്ലെന്നാണ് വിശദീകരണം. അതേസമയം, നൂറിലധികം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക ആസൂത്രണ യോഗത്തില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രിമാര്‍ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നില്ലെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന മുന്‍ഗണനകള്‍, മേഖലകള്‍, തന്ത്രങ്ങള്‍ എന്നിവയുടെ പങ്കിട്ട കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പ്ലാറ്റ്‌ഫോമാണ് നീതി ആയോഗ്. മുഴുവന്‍ നയചട്ടക്കൂടും വികസനത്തിനുള്ള റോഡ് മാപ്പും നിര്‍ണയിക്കുന്നതിനുള്ള ഒരു പ്രധാന സ്ഥാപനമാണിത്. ഇന്ന് എട്ട് മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗത്തില്‍ പങ്കെടുത്തില്ല. രാജ്യത്തിന്റെ വികസനത്തിനും ആസൂത്രണത്തിനും നിതി ആയോഗ് വളരെ പ്രധാനമാണ്. ഈ യോഗത്തിന് 100 പ്രശ്‌നങ്ങള്‍ പരിഹരിച്ചു, വരാത്ത മുഖ്യമന്ത്രിമാര്‍ ശബ്ദമുയര്‍ത്തുന്നില്ല. അവരുടെ സംസ്ഥാനത്തെ ജനങ്ങള്‍ ഇവിടെയുണ്ട്. മോദിക്കെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്‍ എത്രത്തോളം പോവുമെന്നായിരുന്നു ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ പുതിയ കണ്‍വന്‍ഷന്‍ സെന്ററില്‍ 'വിക്ഷിത് ഭാരത് @2047: ടീം ഇന്ത്യയുടെ പങ്ക്' എന്ന വിഷയത്തില്‍ ശനിയാഴ്ച നടക്കുന്ന നിതി ആയോഗിന്റെ എട്ടാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി മോദിയാണ് അധ്യക്ഷത വഹിച്ചത്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യം, നൈപുണ്യ വികസനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Tags:    

Similar News