ട്രംപിന്റെ താരിഫ് പരിഷ്‌കാരം; ഐ ഫോണ്‍ 16 പ്രോ മാക്‌സിന്റെ വില 1,95,940 രൂപയാവാമെന്ന്

Update: 2025-04-04 06:28 GMT
ട്രംപിന്റെ താരിഫ് പരിഷ്‌കാരം; ഐ ഫോണ്‍ 16 പ്രോ മാക്‌സിന്റെ വില 1,95,940 രൂപയാവാമെന്ന്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് പരിഷ്‌കാരം മൂലം ഐഫോണ്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടാവുമെന്ന് വിലയിരുത്തല്‍. താരിഫില്‍ വര്‍ധന മൂലമുണ്ടാവുന്ന ബാധ്യത ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ കമ്പനി തീരുമാനിക്കുകയാണെങ്കില്‍ ഐ ഫോണ്‍ 16 പ്രോ മാക്‌സിന്റെ വില 1,95,940 രൂപയാവാമെന്നാണ് റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നത്. നിലവില്‍ യുഎസില്‍ ഇത് 136,216 രൂപയ്ക്കാണ് വില്‍ക്കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനം വന്നതോടെ ആപ്പിള്‍ കമ്പനിയുടെ ഷെയറുകളുടെ മൂല്യം 9.3 ശതമാനം ഇടിഞ്ഞു. ഒരു വര്‍ഷം 22 കോടി ഐഫോണുകളാണ് ആപ്പിള്‍ വില്‍കുന്നത്. യുഎസ്, ചൈന, യൂറോപ്പ് എന്നിവയാണ് പ്രധാന മാര്‍ക്കറ്റുകള്‍.

ഐ ഫോണ്‍ 16ന്റെ ഏറ്റവും വില കുറഞ്ഞ മോഡല്‍ യുഎസില്‍ 68,000 രൂപയ്ക്കാണ് മാര്‍ക്കറ്റില്‍ എത്തിയത്. പക്ഷേ, പുതിയ നികുതിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ വില 97,274 രൂപ വരെയാവാമെന്നാണ് റോസെന്‍ബ്ലാറ്റ് സെക്യൂരിസ് എന്ന മാര്‍ക്കറ്റ് നിരീക്ഷണ കമ്പനി പറയുന്നത്. ഐ ഫോണ്‍ 16ഇ മോഡലിന് നിലവില്‍ 51,035 രൂപയാണ്. ഇതിന്റെ വില 72,932 രൂപയായി ഉയരും. മറ്റു ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വിലയും കൂടും. എന്നാല്‍, ആപ്പിള്‍ 17 സെപ്റ്റംബറില്‍ റിലീസ് ചെയ്യുന്നതു വരെ വില കൂട്ടുമോയെന്ന കാര്യം സംശയമാണ്. ഇന്ത്യയില്‍ 30 ശതമാനമായിരിക്കും വില വര്‍ധിക്കുകയെന്ന് പറയപ്പെടുന്നു.

Similar News