വാരിയംകുന്നനെ പരാമര്‍ശിക്കുന്ന സ്വാതന്ത്ര്യ സമര രക്തസാക്ഷികളെക്കുറിച്ചുള്ള പുസ്തകം സര്‍ക്കാര്‍ സൈറ്റില്‍നിന്നും മുക്കി

പുസ്തകത്തിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഒളിച്ചോട്ടം.

Update: 2020-09-04 19:05 GMT

ന്യൂഡല്‍ഹി: മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് നെടുനായകത്വംവഹിച്ച് രക്തസാക്ഷിത്വം വരിച്ച വാരിയംകുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയേയും ആലി മുസ്‌ല്യാരേയും പരാമര്‍ശിക്കുന്ന സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ ക്കുറിച്ചുള്ള പുസ്തകം കേന്ദ്ര സര്‍ക്കാര്‍ സൈറ്റില്‍നിന്നും മുക്കി.

പുസ്തകത്തിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഒളിച്ചോട്ടം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വീരമരണം വരിച്ച വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള രക്തസാക്ഷികളുടെ പേരും വിശദാംശങ്ങളും അടങ്ങിയ ഈ പുസ്തകം 2018ലാണ് പ്രസിദ്ധീകരിച്ചത്. ഡിക്ഷ്ണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിന്റെ അഞ്ചാം ഭാഗത്തിലായിരുന്നു വാരിയന്‍കുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരുന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഈ ഭാഗമാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.


ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരള എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേരു വിവരങ്ങളാണ് അഞ്ചാം ഭാഗത്തിലുണ്ടായിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിഡിഎഫ് ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ ലഭ്യമാണ്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ കുറിച്ചു കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഐസിഎച്ച്ആറും ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്.


വാരിയന്‍കുന്നനെ കുറിച്ചു സിനിമ വരുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ സംഘപരിവാര കേന്ദ്രങ്ങള്‍ വന്‍തോതില്‍ കുപ്രചാരണങ്ങളുമായി രംഗത്തെത്തുകയും മലബാര്‍ സമരത്തെ വക്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചരിത്രത്തെ വികലമാക്കിക്കൊണ്ടുള്ള സംഘപരിവാര പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ്, ബിജെപി സര്‍ക്കാരിനു കീഴിലുള്ള കേന്ദ്ര സാംസ്‌കാരിക വകുപ്പും ഐസിഎച്ച്ആറും വാരിയന്‍കുന്നത്തിനെയും ആലി മുസ്‌ല്യാരെയും വീരപുരുഷന്‍മാരെന്നു വിശേഷിപ്പിച്ച് നിഘണ്ടു പുറത്തിറക്കിയത്.

Tags:    

Similar News