എടവണ്ണയിലെ തീപ്പിടിത്തം നിയന്ത്രണവിധേയം; പെയിന്റ് ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു
മലപ്പുറം ജില്ലയിലെ വിവിധ അഗ്‌നിശമന സേനാ യൂനിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനാ വിഭാഗവും മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് രാത്രി ഒമ്പതരയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ശനിയാഴ്ച മൂന്നുമണിക്കുശേഷമാണ് ഗോഡൊണില്‍ അപകടമുണ്ടായത്. തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്.
മലപ്പുറം: എടവണ്ണ തൂവക്കാട്ടെ പെയിന്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമായെന്ന് അഗ്നിശമനസേനാ വിഭാഗം. മലപ്പുറം ജില്ലയിലെ വിവിധ അഗ്‌നിശമന സേനാ യൂനിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനാ വിഭാഗവും മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് രാത്രി ഒമ്പതരയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ശനിയാഴ്ച മൂന്നുമണിക്കുശേഷമാണ് ഗോഡൊണില്‍ അപകടമുണ്ടായത്. തൊഴിലാളികളാണ് തീ പടരുന്നത് ആദ്യം കണ്ടത്.
ഉടന്‍തന്നെ ഇവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെയിന്റുകളും ടിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. തീപ്പിടിത്തത്തില്‍ ഗോഡൗണ്‍ കെട്ടിടവും രണ്ട് ലോറികളും പൂര്‍ണമായും കത്തിനശിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ശേഖരമായതുകൊണ്ടുതന്നെ ഗോഡൗണില്‍നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ പ്രദേശത്തുനിന്ന് അകന്നുനില്‍ക്കാന്‍ അഗ്‌നിശമനസേന ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഗോഡൗണില്‍നിന്ന് പുറത്തേക്ക് തീ പടരാതിരിക്കാന്‍ സേന മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സമീപത്തെ 10 കുടുംബങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്‌നിശമന സേനാ യൂനിറ്റുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. നാലുവശവും മതില്‍ കെട്ടിയ രണ്ടുനിലകളുള്ള കെട്ടിടത്തിലാണ് പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഗോഡൗണിലേക്കുവന്ന ലോറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റുകളും ടര്‍പ്പന്റൈനും നിറച്ച ടാങ്കുകളും പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടത്തില്‍ വലിയ ടാങ്കറുകളില്‍ ഇത്തരം രാസവസ്തുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇനിയും പൊട്ടിത്തെറിയുണ്ടാവുമെന്ന ആശങ്കയിലായിരുന്നു മണിക്കൂറുകളോളം പ്രദേശവാസികള്‍.