'പഠന വൈകല്യമുള്ള' കുട്ടികള്‍ക്ക് കുതിര തെറാപ്പിയുമായി നമീബിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ചിത്രങ്ങള്‍)

വിന്‍ഡ്‌ഹോക്ക്(നമീബിയ): പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി പ്രത്യേക 'കുതിര തെറാപ്പി' നടപ്പാക്കി ആഫ്രിക്കന്‍ രാജ്യമായ നമീബയിലെ ഒരു ഇന്‍സ്റ്റിറ്റിയൂട്ട്. എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളുള്ള കുട്ടികള്‍ക്കായാണ് സൂസന്‍ ഡി മെയെര്‍ എന്ന അധ്യാപിക ഈ തെറാപ്പി നടപ്പാക്കുന്നത്. കുതിരകളുമായി ഇടപഴകുന്ന പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളെ കുതിരകളുടെ ശക്തിയും സൗമ്യതയും സ്വാധീനിക്കുമെന്നാണ് സൂസന്‍ പറയുന്നത്.
നിലവില്‍ വിന്‍ഡ്‌ഹോക്കിലെ ഒരു സ്‌പെഷ്യല്‍ സ്‌കൂളിലെ പത്ത് കുട്ടികളാണ് തെറാപ്പിയുടെ ഭാഗമായിരിക്കുന്നത്. സൂസന്റെ ഫാം ഹൗസില്‍ കുട്ടികള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുകയും അവയെ പരിപാലിക്കുകയും തലോടുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ എത്ര വ്യത്യസ്തരാണെങ്കിലും കുതിരകള്‍ അവരോട് വിവേചനം കാണിക്കില്ലെന്ന് സൂസന്‍ പറഞ്ഞു. പഠനവൈകല്യമുള്ള കുട്ടികള്‍ പൊതുവില്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാറില്ല. അവര്‍ പക്ഷേ, കുതിരകളെ ഇഷ്ടപ്പെടുന്നു.

സൂസന്റെ 'Enabling Through the Horse' എന്ന പ്രോഗ്രാമിന് നമീബിയന്‍ കുതിരസവാരി ഫെഡറേഷന്‍ പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര കുതിരസവാരി ഫെഡറേഷന്‍ അവാര്‍ഡും നല്‍കി. കുട്ടികളില്‍ സംവേദനക്ഷമതയും പാരിസ്ഥിതിക അവബോധവും സൃഷ്ടിക്കുന്നതില്‍ കുതിരയുടെ കഴിവ് പ്രയോജനപ്പെടുത്തിയതിനായിരുന്നു അവാര്‍ഡ്.
ഓട്ടിസം ഗ്രൂപ്പുകളും പഠന വൈകല്യമുള്ള കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും കുതിര തെറാപ്പി ഗുണകരമാണെന്ന് പറയുന്നുണ്ട്. പിടിഎസ്ഡിയുള്ള സൈനികരും മറ്റും തെറാപ്പി പ്രാക്ടീസ് ഉള്ള കുതിരകളെയും പൂച്ചകളെയും നായ്ക്കളെയും ഉപയോഗിക്കുന്നുണ്ട്. 2023ല്‍ യുഎസിലെ ഹവായിയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ ബന്ധുക്കളും കുതിര തെറാപ്പി നടത്തിയിരുന്നു.
രണ്ട് അറബിക്കുതിരകളും മറ്റൊരു കുതിരയുമാണ് സൂസനുള്ളത്. മൂന്നാം കുതിരക്ക് അഞ്ചുവയസുള്ള കുട്ടിയുടെ ഉയരമേയുള്ളൂ. അതിനാല്‍ തന്റെ കൈവശം രണ്ടര കുതിരകളുണ്ടെന്നാണ് സൂസന്‍ പറയുക. ഫറാന, ലാന്‍ഷ എന്നിങ്ങനെയാണ് അറബിക്കുതിരകളുടെ പേര്. ബോണ്‍സി എന്നാണ് കുഞ്ഞിക്കുതിരയുടെ പേര്. വലുപ്പമുള്ളതിനാല്‍ ഫറാനയും ലാന്‍ഷയുമാണ് കുട്ടികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നത്.

'' കുതിരകള്‍ കുട്ടികള്‍ക്ക് ആത്മാഭിമാനം നല്‍കുന്നു. അവര്‍ കുതിരയെ തൊടുമ്പോള്‍ തന്നെ തെറാപ്പി ആരംഭിക്കുകയാണ്. കാരണം, കുതിരകള്‍ കുട്ടികളെക്കാള്‍ വളരെ വലുതാണ്. പക്ഷേ, കുതിരയെ തൊടാന്‍ കുട്ടികള്‍ ഭയക്കുന്നില്ല. പിന്നീട് കുട്ടികളോട് കുതിരപ്പുറത്ത് സവാരി ചെയ്യാന്‍ പറയും. വേണ്ടതെല്ലാം ചോദിക്കാനും പറയും.''-സൂസന്‍ പറഞ്ഞു.
ഓട്ടിസം, ശ്രദ്ധകുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി, ഡൗണ്‍ സിന്‍ഡ്രം, സംസാരശേഷിയില്ലായ്മ, തുടങ്ങിയവ ഉള്ള കുട്ടികള്‍ക്കും സൂസന്‍ തെറാപ്പി നല്‍കുന്നു.കുതിര തെറാപ്പി ചെയ്ത കുട്ടികളില്‍ വലിയ മാറ്റമുണ്ടെന്ന് ഡാഗ്ബ്രീക്ക് സ്‌കൂളിലെ അധ്യാപികയായ ക്രിസെല്‍ ലൂവ് പറഞ്ഞു. ''ധാരാളം സംസാരിക്കാന്‍ താല്‍പര്യമുള്ള ഒരു കുട്ടി ഞങ്ങളുടെ സ്‌കൂളിലുണ്ട്. സൂസന്റെ ഫാംഹൗസില്‍ വരുമ്പോള്‍ അവള്‍ ബഹളമുണ്ടാക്കുന്നില്ല. സ്വന്തം കസേരയില്‍ ഇരിക്കും. കുതിര സവാരി തുടങ്ങിയപ്പോള്‍ ചില കുട്ടികള്‍ക്ക് ഭയമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ആവേശത്തിലാണ്. കുതിര എന്നു കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ആവേശഭരിതരാവുന്നു. പലര്‍ക്കും ഇപ്പോള്‍ കുതിരപ്പുറത്ത് കയറാന്‍ കൂട്ടുപോലും വേണ്ട.''-ക്രിസെല്‍ ലൂവ് പറഞ്ഞു.

കുതിര തെറാപ്പി കുട്ടികളുടെ ശരീരത്തിലെ പേശികളെ ശക്തിപ്പെടുത്താനും അവയവങ്ങളെ ഏകോപിപ്പിക്കാനും ബാലന്‍സും രൂപവും നിലനിര്‍ത്താനും സഹായിക്കുമെന്നാണ് സൂസന്‍ പറയുന്നത്. കുതിരപ്പുറത്ത് ഇരുന്ന് ചെയ്യാവുന്ന ചില വ്യായാമങ്ങളും വികസിപ്പിച്ചിട്ടുണ്ട്.
കുതിര സവാരി നടത്തുമ്പോള്‍ കടിഞ്ഞാണ്‍ വിട്ട് കൈകള്‍ നേരെയും വശങ്ങളിലേക്കും നീട്ടുക, കുതിര വട്ടം കറങ്ങുമ്പോള്‍ ഉടല്‍ കൊണ്ടും കാലുകള്‍ കൊണ്ടും മാത്രം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുക എന്നിവയാണ് ഈ വ്യായാമങ്ങള്‍.