തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശം; ഡിഎംകെ നേതാവ് എ രാജയ്ക്ക് 48 മണിക്കൂര്‍ നേരം പ്രചാരണത്തിന് വിലക്ക്
അദ്ദേഹത്തിന്റെ പരാമര്‍ശം സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്ന് വിലയിരുത്തി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ രാജയെ പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് ഭരണകക്ഷിയായ എഐഎഡിഎംകെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേയും സ്ത്രീത്വത്തിനെതിരേയും നടത്തിയ വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ രാജയെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂര്‍ സമയം പ്രചാരണപ്രവര്‍ത്തനം നടത്തുന്നതില്‍നിന്നാണ് രാജയെ കമ്മീഷന്‍ വിലക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശം സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്ന് വിലയിരുത്തി.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ രാജയെ പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് ഭരണകക്ഷിയായ എഐഎഡിഎംകെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രാജയുടെ പരാമര്‍ശം അപകീര്‍ത്തികരം മാത്രമല്ല, സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതും അശ്ലീലമാക്കുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ്.
വിവാദപരാമര്‍ശത്തിന്റെ പേരില്‍ രാജയെ കമ്മീഷന്‍ ശാസിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജാഗ്രതപാലിക്കണമെന്നും അപകീര്‍ത്തികരവും സഭ്യമല്ലാത്തതും നീചവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സ്ത്രീകളുടെ അന്തസ്സ് താഴ്ത്തിക്കെട്ടുന്ന പരാമര്‍ശങ്ങളുണ്ടാവരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെത്തുടര്‍ന്ന് സ്റ്റാര്‍ കാംപയിനറായ രാജയെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് ഡിഎംകെ ഒഴിവാക്കി. നേരത്തെ, പ്രസ്താവന വിവാദമായതിന് പിന്നാലെ ഡിഎംകെ നേതാവ് എ രാജ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
പ്രസ്താവനക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമുയരുകയും രാജയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് പറഞ്ഞ് പളനിസ്വാമി പൊതുയോഗത്തില്‍ വികാരഭരിതനാവുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാപ്പുപറച്ചില്‍. രണ്ട് നേതാക്കളുടെ രാഷ്ട്രീയ വളര്‍ച്ചയെ താരതമ്യം ചെയ്തതായിരുന്നു. അതല്ലാതെ പളനിസ്വാമിയെയോ അദ്ദേഹത്തിന്റെ അമ്മയേയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന് വിഷമമായെങ്കില്‍ മാപ്പ്' എന്നാണ് രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം, തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയത്.
തമിഴ് പ്രസംഗത്തില്‍ ഉപമ എന്നത് അംഗീകരിക്കപ്പെട്ട മാനദണ്ഡമാണെന്നും നേതാക്കളുടെ ഉയര്‍ച്ചയെയും താഴ്ചയെയും കുറിച്ചാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നുമായിരുന്നു രാജയുടെ വാദം. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്നതിനാണ് എം കെ സ്റ്റാലിനെക്കുറിച്ചും എടപ്പാടി പളനിസ്വാമിയെയും കുറിച്ച് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു രാജ വിശദീകരിച്ചത്. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രചാരണം വിലക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.