പഹല്‍ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ പാകിസ്താന് ജയ് വിളിച്ചെന്ന് പ്രചാരണം; സിപിഐ നേതാവ് കൈലാഷ് പ്രസാദ് സിങ് അറസ്റ്റില്‍

പറ്റ്‌ന: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ പാകിസ്താന് ജയ് വിളിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് സിപിഐ നേതാവ് കൈലാഷ് പ്രസാദ് സിങിനെ(66) അറസ്റ്റ് ചെയ്തു. പോലിസ് കേസെടുത്തതിന് പിന്നാലെ കൈലാഷ് പ്രസാദിനെ സിപിഐ പുറത്താക്കി. ബിഹാറിലെ ലഖിസാരായിലെ സൂര്യഗാര്‍ഹ പ്രദേശത്ത് സംഘടിപ്പിച്ച കാന്‍ഡില്‍ മാര്‍ച്ചിലെ മുദ്രാവാക്യം വിളിയിലാണ് കേസ്. കൈലാഷ് പ്രസാദ് സിങ് നിരന്തരമായി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ ഹിന്ദുത്വര്‍ വ്യാപകമായി പ്രചരിപ്പിച്ചു.
ഈ വീഡിയോ വ്യാജമാണെന്ന് പോലിസ് പറഞ്ഞു. പാകിസ്താന് എതിരെ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന കൈലാഷ് പ്രസാദ് സിങ് ഇടയില്‍ ഒരു തവണ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് എസ്പി അജയകുമാര്‍ പറഞ്ഞു. കൂടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ ഉടന്‍ കൈലാഷ് പ്രസാദ് സിങ് തിരുത്തി പാക്കിസ്താനെതിരെ മുദ്രാവാക്യം വിളി തുടര്‍ന്നു. ഈ വീഡിയോയാണ് ചിലര്‍ എഡിറ്റ് ചെയ്ത് പാകിസ്താന്‍ അനുകൂല പരിപാടിയാക്കി ചീത്രീകരിച്ചത്. പരിപാടിയുടെ സംഘാടകനായ കൈലാഷ് പ്രസാദ് സിങ് പരിപാടിക്ക് അനുമതി വാങ്ങിയിരുന്നില്ലെന്നും എസ്പി പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ച പിഴവാണ് ഇതെന്നും പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആര്‍ജെഡി ജില്ലാ പ്രസിഡന്റ് കാളിചരണ്‍ ദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗാളില്‍ നടന്ന പ്രതിഷേധത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി ഹിന്ദുസ്താന്‍ മുര്‍ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവത്തില്‍ ആരും പരാതി നല്‍കുകയോ കേസെടുക്കുകയോ ഉണ്ടായില്ല.