'നീതി ലഭിക്കില്ലെന്ന് തനിക്കറിയാം, പക്ഷേ തന്നെ പോലെ മറ്റാര്‍ക്കും മക്കളെ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ പോരാട്ടം'- മകനെ നഷ്ടപ്പെട്ട കശ്മീരി പിതാവ്
കേന്ദ്രം പ്രഖ്യാപിച്ച 'സമൂല മാറ്റ'ത്തിനു പിന്നാലെയുള്ള ആദ്യ സിവിലിയന്‍ മരണമായിരുന്നു ഇത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ എഫ്‌ഐആറോ മരണ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ലെന്ന് ട്രക്ക് ഡ്രൈവറായ മുഹമ്മദ് പറഞ്ഞു.
ശ്രീനഗര്‍: 'നീതി ലഭിക്കില്ലെന്ന് തനിക്കറിയാം, പക്ഷേ തനിക്ക് നഷ്ടപ്പെട്ടതു പോലെ മറ്റാര്‍ക്കും മകനെ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് തന്റെ ഈ ഈ പോരാട്ടം'- മുഹമ്മദ് അല്‍താഫ് മരാസി പറയുന്നു. അദ്ദേഹത്തിന്റെ 17കാരനായ മകന്‍ ഉസൈബ് അല്‍താഫ് മരാസി മരിച്ചിട്ട് ആഗസ്ത് 5ന് ഒരു വര്‍ഷം തികഞ്ഞു.
2019 ആഗസത് 5ന് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനുപിന്നാലെ സെന്‍ട്രല്‍ റിസര്‍വ് ഫോഴ്‌സ് പോലിസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതോടെ ഉസൈബ് ഝലം നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് ഉസൈബിന്റെ മൃതദേഹമാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. കേന്ദ്രം പ്രഖ്യാപിച്ച 'സമൂല മാറ്റ'ത്തിനു പിന്നാലെയുള്ള ആദ്യ സിവിലിയന്‍ മരണമായിരുന്നു ഇത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ എഫ്‌ഐആറോ മരണ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ലെന്ന് ട്രക്ക് ഡ്രൈവറായ മുഹമ്മദ് പറഞ്ഞു. ആയിരങ്ങള്‍ സാക്ഷിയായിരുന്നിട്ടും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മരണം നടന്നില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
'അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകള്‍'
നാലുമാസത്തോളം ഇദ്ദേഹത്തിന്റെ മരണം പോലിസ് നിഷേധിച്ചു. മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് മുമ്പാകെ പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ട്. ഫീല്‍ഡില്‍നിന്നും ലഭിച്ച സ്ഥിരീകരണ റിപ്പോര്‍ട്ട് അനുസരിച്ച് അത്തരം മരണങ്ങളൊന്നും പോലിസ് അധികൃതരെ അറിയിച്ചിട്ടില്ലാത്തതിനാല്‍ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയെന്നായിരുന്നു സെപ്റ്റംബറില്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പോലിസ് അവകാശപ്പെട്ടത്.
ആഗസ്ത് 5ന് ശേഷം പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എല്ലാ കുറ്റങ്ങളും തള്ളിക്കൊണ്ട് സമിതി തുടര്‍ച്ചയായി രണ്ട് റിപ്പോര്‍ട്ടുകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചതോടെ സുപ്രിംകോടതി ഇതുസംബന്ധിച്ചുള്ള ഹരജി തള്ളുകയാണ് ഉണ്ടായത്.
ഒക്ടോബറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് മരാസി ശ്രീനഗര്‍ ജില്ലാ കോടതിയില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഗത്യന്തരമില്ലാതെ പോലിസിന് മരണം അംഗീകരിക്കേണ്ടിവന്നത്. ഉസൈബിന്റെ മുങ്ങി മരണം നടന്ന് നാലു മാസത്തിനു ശേഷം ഡിസംബറില്‍ ആണ് ഇക്കാര്യം പോലിസ് അംഗീകരിച്ചത്. ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ റിപോര്‍ട്ടില്‍ സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള പരിംപോറ പോലിസ് മരണം സമ്മതിച്ചെങ്കിലും അയാള്‍ക്ക് 24 വയസ്സ് പ്രായമുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത ആളല്ലെന്നുമാണ് സ്റ്റാറ്റസ് റിപോര്‍ട്ടിലൂടെ അവര്‍ അവകാശപ്പെട്ടത്. സിആര്‍പിഎഫ് ഉസൈബിനെ പിന്തുടര്‍ന്നകാര്യം പോലിസ് ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയും ചെയ്തു.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ച് മുതല്‍ കേസില്‍ വാദം കേള്‍ക്കുന്നില്ലെന്ന് മറാസിസിന്റെ അഭിഭാഷകന്‍ ഷാ ഫൈസല്‍ പറഞ്ഞു. 'ഈ മാസങ്ങളിലെല്ലാം മൂന്ന് തവണ കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റില്‍ പെടുത്തിയിരുന്നെങ്കിലും നിയന്ത്രണങ്ങളും ലോക്ക്ഡൗണും കാരണമായി വാദം കേള്‍ക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നീതി ലഭിക്കുമെന്ന് തനിക്ക് തീരെ പ്രതീക്ഷയില്ലെന്നും എന്നാലും ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരനുഭവം വരാതിക്കാന്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും ഉസൈബിന്റെ പിതാവ് മുഹമ്മദ് അല്‍താഫ് മരാസി വ്യക്തമാക്കി.