കൊവിഡ് 19: തെരുവില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ച് യുവ ദമ്പതികള്‍; അഭിനന്ദനം അറിയിച്ച് ജില്ലാ ഭരണകൂടം
നഈമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചയായതോടെ ജില്ലാ കലക്ടര്‍ സി കതിരവനും ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. ശിവകുമാറും അഭിനന്ദനം അറിയിച്ചു.
ഈരോഡ്: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ച് യുവ ദമ്പതികള്‍. ചെന്നൈയില്‍ നിന്നുള്ള ഐടി പ്രഫഷനല്‍ നഈം തബ് രീസ് ഫസലുല്ലാ ഖാനും അദ്ദേഹത്തിന്റെ ഭാര്യ മെഹതാജ് പര്‍വീനുമാണ് ഈരോഡ് നഗരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്നത്.
ഡെല്‍ കമ്പനിയിലെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഡയറക്ടറായ നഈം ഭാര്യയെ ചെന്നൈയിലേക്ക് കൊണ്ട് പോകാനാണ് ഈരോഡ് എത്തിയത്. എന്നാല്‍, മാര്‍ച്ച് 22ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. ഇതോടെ സാധാരണ നിലയിലാകുന്നത് വരെ ഇരോഡ് തന്നെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും ലഭിക്കാതെ തെരുവില്‍ കഴിയുന്നവര്‍ക്കാണ് നഈം ആദ്യം സഹായം എത്തിച്ചത്. അവര്‍ക്കായി ആദ്യഘട്ടത്തില്‍ ബ്രഡും ബിസ്‌ക്കറ്റും വിതരണം ചെയ്തു.
അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായെത്തിയതോടെ കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കുകയായിരുന്നു. ഭവന രഹിതരായവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കൊല്ലംപാളയം കോര്‍പറേഷന്‍ എലമെന്ററി സ്‌കൂള്‍ വിട്ടു നല്‍കി ഈരോഡ് കോര്‍പറേഷന്‍ കമ്മീഷര്‍ എളങ്കോവനും ദമ്പതികള്‍ക്ക് സഹായമായെത്തി.
ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണത്തിന് പുറമെ അത്യാവശ്യ ജീവിത വിഭവങ്ങളും നഈം എത്തിച്ചു നല്‍കി. സ്‌കൂളിലെ ദുരിതാശ്വാസ കാംപില്‍ താമസിക്കുന്നവര്‍ക്കായി ഇന്‍ഡോര്‍ ഗെയിമുകളും മറ്റും സംഘടിപ്പിച്ചു. ഒരു വാച്ച് റിപ്പയര്‍ ഷോപ്പും ടൈലറിങ് ഷോപ്പും തുറക്കാനും നഈം സഹായം നല്‍കി. മെയ് 15 വരേ 13.50 ലക്ഷം രൂപയാണ് ചിലവഴിച്ചതെന്ന് നഈം പറഞ്ഞു.
നഈമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചയായതോടെ ജില്ലാ കലക്ടര്‍ സി കതിരവനും ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. ശിവകുമാറും അഭിനന്ദനം അറിയിച്ചു.