ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് തീരുമാനം.
തിരുവനന്തപുരം:ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി.സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.റഹിം നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് തീരുമാനം.മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്.
3 രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിനു വിജയസാധ്യതയുള്ള 2 സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിടാന്‍ തീരുമാനിച്ചിരുന്നു. ദേശീയ സാഹചര്യം വിലയിരുത്തിയാണ് ഒരു സീറ്റ് സിപിഐയ്ക്കു നല്‍കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്. ഘടകകക്ഷികളെല്ലാം സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി. ബിനോയ് വിശ്വമാണ് നിലവില്‍ സിപിഐയുടെ രാജ്യസഭാ അംഗം.