ഹരിയാനയില്‍ എഎപി- ജെജെപി സഖ്യം; ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍

ആകെയുള്ള 10 സീറ്റില്‍ ഏഴെണ്ണത്തില്‍ ജെജെപിയും അവശേഷിപ്പിച്ചവയില്‍ ആം ആദ്മി പാര്‍ട്ടിയും മല്‍സരിക്കും. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളും ജെജെപി സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ കൊച്ചുമകനായ ദുഷ്യന്ത് ചൗതാല പറഞ്ഞു.

Update: 2019-04-13 10:57 GMT

ചണ്ഡിഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ആം ആദ്മി പാര്‍ട്ടിയും(എഎപി) ജന്‍നായക് ജനതാ പാര്‍ട്ടിയും (ജെജെപി) ഹരിയാനയില്‍ സഖ്യം രൂപീകരിച്ചു. ആകെയുള്ള 10 സീറ്റില്‍ ഏഴെണ്ണത്തില്‍ ജെജെപിയും അവശേഷിപ്പിച്ചവയില്‍ ആം ആദ്മി പാര്‍ട്ടിയും മല്‍സരിക്കും. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളും ജെജെപി സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ കൊച്ചുമകനായ ദുഷ്യന്ത് ചൗതാല പറഞ്ഞു. ഇരുപാര്‍ട്ടികളുടെയും നേതാക്കളെ ഉള്‍പ്പെടുത്തി വൈകാതെ കോ- ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.

സഖ്യത്തിലൂടെ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും ദുഷ്യന്ത് ചൗതാല കൂട്ടിച്ചേര്‍ത്തു. എഎപി- ജെജെപി നേതാക്കള്‍ ഹരിയാനയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഎപിയുമായി ചേര്‍ന്ന് മല്‍സരിക്കുമെന്ന് ദുഷ്യന്ത് ചൗതാല വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികളും ശ്രമിച്ചിരുന്നുവെങ്കിലും സഖ്യമെന്ന ആവശ്യം കോണ്‍ഗ്രസ് നിരസിക്കുകയായിരുന്നു.

സീറ്റുകള്‍ വിട്ടുനല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിസമ്മതിച്ചത് സഖ്യസാധ്യതകള്‍ക്ക് വിലങ്ങുതടിയായി. ഇതെത്തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും സഖ്യമായി മല്‍സരിക്കാന്‍ തീരുമാനിച്ചത്. 2018ലാണ് മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ കൊച്ചുമകനായ ദുഷ്യന്ത് ചൗതാല ജന്‍നായക് ജനതാ പാര്‍ട്ടി രൂപീകരിക്കുന്നത്. ഹരിയാനയിലെ ജനങ്ങള്‍ ഇത്തരമൊരു സഖ്യം ആവശ്യപ്പെട്ടതില്‍ അവരെ താന്‍ അഭിനന്ദിക്കുന്നതായി എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ബിജെപിയെ പരാജയപ്പെടുത്തുന്നതോടൊപ്പം ഹരിയാനയിലെ വികസനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News