ഖുര്‍ആന്‍ നിന്ദ:ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് രണ്ട് വര്‍ഷം തടവ്

2016ലെ റമദാന്‍ വ്രത കാലത്താണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേര്‍കോട്‌ലയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്.

Update: 2024-12-01 06:29 GMT

മലേര്‍കോട്‌ല (പഞ്ചാബ്): ഖുര്‍ആന്‍ നിന്ദ കേസില്‍ ആം ആദ്മി പാര്‍ടിയുടെ ഡല്‍ഹി മെഹ്‌റോളിയിലെ എംഎല്‍എ നരേഷ് യാദവിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. നരേഷ് യാദവിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരായ വിജയ് കുമാര്‍, ഗൗരവ് കുമാര്‍ എന്നിവരെയും അഡീഷണല്‍ സെഷന്‍സ് ജഡ്ജി പര്‍മീന്ദര്‍ സിങ് ഗ്രെവാല്‍ ശിക്ഷിച്ചിട്ടുണ്ട്. മൂന്നു പേരും 11,000 രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിലും ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

ശിരോമണി അകാലി ദള്‍-ബിജെപി സഖ്യം ഭരിക്കുന്ന 2016ലെ റമദാന്‍ വ്രത കാലത്താണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേര്‍കോട്‌ലയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്. മലേര്‍കോട്‌ലയിലെ ജാര്‍ഗ് റോഡിലാണ് ഖുര്‍ആന്‍ നിന്ദ നടന്നത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമുണ്ടായി. ശിരോമണി അകാലിദള്‍ എംഎല്‍എ ഫര്‍സാന ആലത്തിന്റെ കാറും ആക്രമിക്കപ്പെട്ടു. കേസില്‍ വിജയ്കുമാര്‍, ഗൗരവ് കുമാര്‍ എന്നിവരെയാണ് ആദ്യം പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സാഹചര്യത്തെളിവുകളില്‍ നിന്നുമാണ് എംഎല്‍എ നരേഷ് യാദവിന്റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് 2016 ജൂലൈ 14ന് ഇയാളെയും അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകളിലായി നാലര വര്‍ഷത്തേക്കാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ രണ്ട് വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാവും.

ശിരോമണി അകാലിദള്‍ നേതാവ് ദല്‍ജീത് സിങ് കീമ വിധിയെ സ്വാഗതം ചെയ്തു. പഞ്ചാബിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന മതനിന്ദാ സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം ഇതോടെ വെളിവായെന്ന് അദ്ദേഹം പറഞ്ഞു. '' പഞ്ചാബിന്റെ ശാന്തിയും സമാധാനവും തകര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ തെളിവാണിത്. ഇക്കാര്യത്തില്‍ അരവിന്ദ് കെജ്‌റിവാളും വിശദീകരണം നല്‍കണം.''-ദല്‍ജീത് സിങ് കീമ പറഞ്ഞു.

കേസില്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മലേര്‍കോട്‌ല കോടതി 2021ല്‍ നരേഷ് യാദവിനെയും മറ്റൊരാളെയും വെറുതെവിട്ടിരുന്നു. ഈ വിധിക്കെതിരേ പ്രദേശവാസിയായ മുഹമ്മദ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്.

വിജയ് കുമാറിന്റെ അക്കൗണ്ടിലേക്ക് 2018ല്‍ സംശയാസ്പദമായ രീതിയില്‍ 90 ലക്ഷം രൂപ വന്നിട്ടുണ്ടെന്ന് വാദത്തിനിടയില്‍ നരേഷ് യാദവ് കോടതിയെ അറിയിച്ചു. ഇത് ആര്‍എസ്എസ് വിജയ് കുമാറിന് നല്‍കിയതാണെന്നും നരേഷ് യാദവ് വാദിച്ചു. അക്കാര്യത്തില്‍ അന്വേഷണം വേണമെങ്കില്‍ പുതിയ പരാതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഖുര്‍ആന്‍ നിന്ദയുമായി തനിക്ക് യാതൊരുബന്ധവുമില്ലെന്നും രാഷട്രീയപ്രേരിതമായ കേസാണിതെന്നും ശിക്ഷിക്കപ്പെട്ട ശേഷം നരേഷ് യാദവ് പറഞ്ഞു.

സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരുഗ്രന്ഥ് സാഹിബിനെ നിന്ദിച്ച നിരവധി സംഭവങ്ങളും 2015-16 കാലത്ത് റിപോര്‍ട്ട് ചെയ്തിരുന്നു. ഏകദേശ 16 സിഖ് മതനിന്ദാ കേസുകളാണ് ഇക്കാലത്ത് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച സിഖ് യുവാക്കളെ പോലിസ് വെടിവച്ചു കൊന്നതും പഞ്ചാബില്‍ വലിയ സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് മതനിന്ദ നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. ശ്രീ ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിച്ച 16 പേരെ 2016 മുതല്‍ പോരാളികളായ നിഹാങ് സിഖുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

Similar News