ഗാനിം അല്‍മുഫ്തയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ആസിം വെളിമണ്ണ

Update: 2022-11-27 13:15 GMT

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഭിന്നശേഷിക്കാരനായ ഗാനിം അല്‍മുഫ്തയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ആസിം വെളിമണ്ണ. അല്‍വഖ്‌റയിലെ ഗാനിമിന്റെ വീട്ടിലെത്തിയാണ് കേരളത്തിലെ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായ ആസിം ക്ഷണം നടത്തിയത്. ഭിന്നശേഷിക്കാരനായ ആസിം നിരവധി പ്രകടനങ്ങളാല്‍ ശ്രദ്ധേയനായ വ്യക്തിയാണ്. ഗാനിം അനുഭവിച്ച സമാനമായ സാഹചര്യങ്ങളിലൂടെ ആസിമും കടന്നുപോയിട്ടുണ്ട്. അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നാലാം മാസം ഡോക്ടര്‍മാര്‍ വരാനിരിക്കുന്ന വൈകല്യത്തെക്കുറിച്ച് വിധിയെഴുതിയിരുന്നു. എന്നാല്‍, രക്ഷിതാക്കളുടെ ഉറച്ച തീരുമാനത്തില്‍ ലോകത്തിന്റെ വെളിച്ചം കാണാന്‍ ഇരുവര്‍ക്കും സാധിച്ചു. അറബ് ലോകത്തെ പോപുലറായ യു ട്യൂബറാണ് ഗാനിം.

ജന്‍മാനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് ഗാനിം നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ കാഴ്ചക്കാര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. അരയ്ക്ക് താഴെ ശരീരവളര്‍ച്ചയില്ലാത്ത വൈകല്യമാണ് ഗാനിമിനുള്ളത്. കൈകളില്ലാത്ത ആസിം പെരിയാര്‍ നദി നീന്തിക്കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ പരിശീലന ക്ലാസ് നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യപുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചു. ഐക്യരാഷ്ട്രസഭ 18 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സ്വാധീനിച്ച വ്യക്തികള്‍ക്കുള്ള പുരസ്‌കാര തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം അവസാന മൂന്നില്‍ ആസിഫുമെത്തിയിരുന്നു. നൊബേല്‍ പുരസ്‌കാര ജേതാക്കളുടെ സമിതിയാണ് ഈ അവാര്‍ഡിന്റെ ജൂറി. ലോകകപ്പില്‍ മൂന്ന് മല്‍സരങ്ങള്‍ ആസിം കണ്ടു.

ഫൈനല്‍ മല്‍സരം കാണാനുള്ള സംവിധാനമൊരുക്കാമെന്ന് ഗാനിം ആസിമിനോട് പറഞ്ഞു. ഗാനിമിന്റെ പിതാവ് മുഹമ്മദും ഇരട്ടസഹോദരന്‍ അഹമ്മദും ചേര്‍ന്നാണ് ആസിമിനെ സ്വീകരിച്ചത്. അരമണിക്കൂര്‍ ഗാനിമിന്റെ വീട്ടില്‍ ചെലവഴിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആസിം ഫൗണ്ടേഷനുമായി സഹകരിക്കാമെന്ന് ഗാനിം ഉറപ്പുനല്‍കി. ആസിമിന്റെ പിതാവ് മുഹമ്മദ് ഷഹീദ്, അനസ് മൗലവി, സാമൂഹിക പ്രവര്‍ത്തകരായ ഇബ്രാഹിം കൂട്ടായി, സജീര്‍ മട്ടന്നൂര്‍, റിഫാഷെലീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയാണ് ആസിം. ഖത്തറിലെ വിവിധ സംഘടനകള്‍ ആസിമിനെ ആദരിച്ചിട്ടുണ്ട്.

Tags:    

Similar News