അഭിമന്യു വധക്കേസിലെ രേഖകള്‍ കോടതിയില്‍നിന്ന് നഷ്ടപ്പെട്ട സംഭവം; അന്വേഷണം ഡിജിപിക്ക്

Update: 2024-03-07 09:13 GMT

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ സുപ്രധാന രേഖകള്‍ കോടതിയില്‍നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്തും രംഗത്തെത്തിയിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വട്ടവട സ്വദേശി അഭിമന്യു കൊല്ലപ്പെട്ട് അഞ്ചര വര്‍ഷം പിന്നിട്ടപ്പോഴാണ് കോടതിയില്‍നിന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്ന വിവരം പുറത്തായത്. എറണാകുളം സെന്‍ട്രല്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴികള്‍ ഉള്‍പ്പെടെയുള്ള 11 സുപ്രധാന രേഖകളാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നു കാണാതായത്.

    സംഭവം വാര്‍ത്തതായതോടെയാണ് അന്വേഷണം നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. രേഖകള്‍ കാണാതായ വിവരം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെട്ടവയുടെ പകര്‍പ്പുകള്‍ പോലിസിന്റെ കൈവശമുള്ളതായും കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള പകര്‍പ്പുകള്‍ ഉടന്‍ കോടതിക്ക് കൈമാറും. കേസില്‍ വിചാരണ നടക്കാനിരിക്കെ രേഖകള്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടു.

    അതേസമയം അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണ്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News