ഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനുമേ ഇസ്രായേലിന് കഴിഞ്ഞിട്ടുള്ളൂ: അബു ഉബൈദ; ഹമാസിനെ നയിക്കുന്നത് മുഹമ്മദ് സിന്‍വാറെന്ന് യുഎസ് മാധ്യമം

Update: 2025-01-13 13:19 GMT

ഗസ സിറ്റി: ഗസ ബോംബിട്ട് തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനും മാത്രമേ ഇസ്രായേലിന് സാധിച്ചിട്ടുള്ളൂയെന്ന് അല്‍ഖസ്സം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ. '' വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്കും വംശഹത്യയ്ക്കും ശേഷവും നമ്മുടെ പോരാളികള്‍ അവര്‍ക്ക് കനത്തനാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 10ലധികം ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പരിക്കേല്‍ക്കുകയും ചെയ്തു.''-അബു ഉബൈദ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ ഇസ്രായേല്‍ സൈന്യം സമ്മതിക്കുന്നില്ലെങ്കിലും ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ കഴിയാതെ അവര്‍ അപമാനിതരായി പിന്‍വാങ്ങുമെന്നും അബു ഉബൈദ പറഞ്ഞു.

അതേസമയം, 2024 ഒക്ടോബറില്‍ രക്തസാക്ഷിയായ ഹമാസ് രാഷ്ട്രീയ കാര്യ മേധാവി യഹ്‌യാ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാറാണ് ഇപ്പോള്‍ ഗസയില്‍ ഹമാസിനെ നയിക്കുന്നതെന്ന് യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. മുഹമ്മദ് സിന്‍വാര്‍ ഷേഡോ(നിഴല്‍) ആണെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിലെ റിപോര്‍ട്ട് പറയുന്നത്. യഹ്‌യാ സിന്‍വാറിന്റെ അനിയനായ ഇയാള്‍ക്ക് 50 വയസ് പ്രായമുണ്ടാവും. പക്ഷേ, ഒരിക്കല്‍ പോലും നേരില്‍ കാണാനോ ചോദ്യം ചെയ്യാനോ ഇസ്രായേലി സൈന്യത്തിന് സാധിച്ചിട്ടില്ല. ഏതാനും ചിത്രങ്ങളും വീഡിയോകളും മാത്രമാണ് ഇസ്രായേലി സൈന്യത്തിന്റെ കൈവശമുള്ളതെന്നും റിപോര്‍ട്ട് പറയുന്നു.


മുഹമ്മദ് സിന്‍വാര്‍

മുമ്പ് ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളിലെല്ലാം ഹമാസ് തിരികെയെത്തിയതായും ഈ റിപോര്‍ട്ട് പറയുന്നുണ്ട്. ഇസ്രായേലി സൈന്യം ഗസയില്‍ ഇട്ട ബോംബുകളില്‍ പൊട്ടാത്ത ബോംബുകള്‍ കുഴി ബോംബും മറ്റുതരം ബോംബുകളും ആയി മാറുകയാണ്. '' ഇസ്രായേല്‍ സൈന്യം ഹമാസ് പ്രവര്‍ത്തകരെ കൊല്ലുന്നതിനേക്കാള്‍ വേഗത്തിലാണ് ഹമാസ് സ്വയം പുനര്‍നിര്‍മിക്കുന്നത്.''-ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

Tags:    

Similar News