കൊവിഡ് ബാധിതന്റെ സംസ്‌കാരച്ചടങ്ങുകള്‍ തടഞ്ഞു; ജലന്ധറില്‍ 60 പേര്‍ക്കെതിരേ കേസ്

അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

Update: 2020-04-10 07:40 GMT

ചണ്ഡിഗഢ്: രോഗം പടരുമെന്ന് ഭയന്ന് കൊവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാരച്ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ജലന്ധറില്‍ 60 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാന്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ വ്യാഴാഴ്ച ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ രോഗി സിവില്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ച നാട്ടുകാര്‍ ശവസംസ്‌കാരം തടഞ്ഞു. മണിക്കൂറുകള്‍ നീണ്ട കടുത്ത വാക്കുതര്‍ക്കത്തിനൊടുവിലാണ് മൃതദേഹം സംസ്‌കാരിക്കാന്‍ അനുവദിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറസ് ബാധയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ബന്ധുക്കള്‍ പോലും വിസമ്മതിക്കുന്നുണ്ട്.

നേരത്തെ ലുധിയാനയില്‍ 69 കാരിയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുകയും അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ സംഭവം അമൃത്സറിലും അരങ്ങേറി. പത്മശ്രീ ജേതാവ് നിര്‍മ്മല്‍ സിംഗ് ഖല്‍സയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അമൃത്സറിലെ വെര്‍ക്ക ഗ്രാമത്തിലെ ഒരു കൂട്ടം ഗ്രാമവാസികളും വിസമ്മതിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളുടെ തെറ്റിദ്ധാരണ തിരുത്തുന്നതിന് സംസ്ഥാനത്തെ പ്രീമിയര്‍ പിജിമെര്‍ ആശുപത്രിയില്‍ വച്ച് മരിച്ച ഒരാളുടെ സംസ്‌കാരച്ചടങ്ങുകളില്‍ വ്യാഴാഴ്ച സംസ്ഥാന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ധു, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചരഞ്ജിത് സിംഗ് ചാനി എന്നിവര്‍ പങ്കെടുത്തിരുന്നു. കൊറോണ വൈറസ് പോസിറ്റീവ് വ്യക്തികളുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതില്‍ അപകടമില്ലെന്ന് ആരോഗ്യമന്ത്രി ഒരു ഫേസ്ബുക്ക് സന്ദേശത്തിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News