നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചവറയില്‍ ബിജെപിയുടെ ശബരിമല സംരക്ഷണ പദയാത്ര ഉദ്ഘാടന വേദിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസംഗം.

Update: 2019-01-10 06:14 GMT
കൊച്ചി: ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച കേസില്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊല്ലം തുളസിയോട് ഈ മാസം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

ചവറയില്‍ ബിജെപിയുടെ ശബരിമല സംരക്ഷണ പദയാത്ര ഉദ്ഘാടന വേദിയിലാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു തുളസിയുടെ പ്രസംഗം.

മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വൃണപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക, അസഭ്യം പറയുക തുടങ്ങിയ കുറ്റങ്ങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുപ്രീംകോടതി വിധിക്കെതിരായ പരാമര്‍ശം പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. കൊല്ലം തുളസി നടത്തിയ പ്രസംഗത്തെ രാഷ്ട്രീയ പ്രസംഗമായി കാണാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കൊല്ലം തുളസി ജുഡീഷ്യറിയേയും സ്ത്രീകളേയും അധിക്ഷേപിച്ചത്. പ്രസംഗം വിവാദമായതോടെ കൊല്ലം തുളസി തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വിശദീകരണവുമായി രംഗത്തുവന്നിരുന്നുവെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News