നടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍ നിന്ന് ഹരജി മാറ്റണമെന്ന് നടിയുടെ അഭിഭാഷക അപേക്ഷ നല്‍കിയിരുന്നു,നാളെ മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും
കൊച്ചി: ഉന്നത സ്വാധീനമുപയോഗിച്ച് കേസിലെ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്, ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍ നിന്ന് ഹരജി മാറ്റണമെന്ന് നടിയുടെ അഭിഭാഷക അപേക്ഷ നല്‍കിയിരുന്നു.നാളെ മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും.
ഇന്ന് രാവിലെ കേസ് നമ്പര്‍ വിളിച്ച ശേഷമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചത്. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കില്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അതിജീവിത ആവശ്യപ്പെടുമെന്ന് അഭിഭാഷക നേരത്തെ വ്യക്തമാക്കിയിരുന്നു.വിചാരണ കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹരജി പരിഗണിക്കാന്‍ ആകില്ലെന്നാണ് അതിജീവിതയുടെ നിലപാട്.
തുടക്കത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയ ശേഷം പിന്‍വാങ്ങുകയാണെന്നും ഹരജിയില്‍ ആരോപിച്ചു.ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കുകയാണ് ചെയ്തതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസ് തിടുക്കത്തില്‍ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. അന്തിമ റിപോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹരജിയില്‍ ആരോപിക്കുന്നു.