എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച: മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് സിപിഎം മറുപടി പറയണം-എസ്ഡിപിഐ

Update: 2024-09-10 15:04 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രിക്കു വേണ്ടിയായിരുന്നോ എന്നു വ്യക്തമാക്കാന്‍ സിപിഎം തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബിജെപിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സഹായവുമാണോ ചര്‍ച്ചയിലുണ്ടായതെന്ന സംശയം ദൂരീകരിക്കേണ്ടത് മുഖ്യമന്ത്രിയും സിപിഎമ്മുമാണ്. ആര്‍എസ്എസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് നേതാവ് റാം മാധവിനെ 2023 ഡിസംബറില്‍ കോവളത്തെ ഹോട്ടലില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ കണ്ടത് മുഖ്യമന്ത്രിയുടെ ബന്ധുക്കളോടൊപ്പമായിരുന്നെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. എല്ലാ തെളിവുകളും പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തുടരുന്ന മൗനം കാപട്യത്തിന്റേതാണ്. അജിത് കുമാറിനെതിരേ നടപടിയെടുക്കാന്‍ തയ്യാറാവത്തത് മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന നിലയിലായിരുന്നു കൂടിക്കാഴ്ച എന്ന സംശയം ബലപ്പെടുത്തുന്നതാണ്. 10 ദിവസത്തിനിടെ രണ്ടു തവണയാണ് കേരളത്തിന്റെ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി-ആര്‍എസ്എസ് ദേശീയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്. ആഭ്യന്തര വകുപ്പും ആര്‍എസ്എസ്സും തമ്മിലുള്ള ബാന്ധവത്തിന്റെ പ്രതിഫലനം സമീപ കാലത്തെ പോലിസ് നയ നിലപാടുകളില്‍ പ്രകടമാണ്. ആര്‍എസ്എസ്സിന്റെ അജണ്ടകള്‍ പോലിസിനെ ഉപയോഗപ്പെടുത്തി നടപ്പാക്കുകയായിരുന്നു അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് സേനയെന്ന് വെളിപ്പെടുത്തലുകളിലൂടെ ബോധ്യമാവുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഭീകരതയുടെ പേരില്‍ മൂന്നു തവണ നിരോധിക്കപ്പെട്ട ആര്‍എസ്എസ് പ്രധാന സംഘടനയാണെന്ന സിപിഎം നേതാവും സ്പീക്കറുമായ എ എന്‍ ഷംസീറിന്റെ പ്രസ്താവന സിപിഎം എത്തിപ്പെട്ടിരിക്കുന്ന അപചയത്തെ അടിവരയിടുന്നതാണ്. എഡിജിപിയുടെ കൂടിക്കാഴ്ച ആദ്യം നിഷേധിച്ച എം വി ഗോവിന്ദന്‍ വാര്‍ത്ത തെളിവുസഹിതം പുറത്തുന്നതോടെ എഡിജിപി ആരെ കാണുന്നതിലും പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്നായിരുന്നു പ്രതികരിച്ചത്. അത്യന്തം ഗൗരവതരമായ വിഷയത്തില്‍ സിപിഎം തുടരുന്ന മെല്ലെപ്പോക്ക് പാര്‍ട്ടി അറിഞ്ഞു തന്നെയാണ് ഈ നാടകങ്ങളെല്ലാം അരങ്ങേറിയതെന്ന് വ്യക്തമാക്കുന്നതായും സെക്രട്ടറിയേറ്റ് വിലയിരുത്തി.

    സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, സെക്രട്ടേറിയറ്റംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത്, വി ടി ഇഖ്‌റാമുല്‍ ഹഖ് സംസാരിച്ചു.

Tags:    

Similar News