സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്

Update: 2022-04-23 17:57 GMT

തിരുവനന്തപുരം: തന്റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണം പൂര്‍വാധികം ശക്തമായി തന്നെ മുന്നോട്ട് പോകും. തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും എഡിജിപി പറഞ്ഞു.

നടിയെ ആക്രമിച്ച കേസും ദിലീപ് ഉള്‍പ്പെട്ട വധഗൂഡാലോചനാ കേസും നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയത്. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകള്‍ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നല്‍കിയതും കോടതി വിമര്‍ശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഇടപടല്‍ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags:    

Similar News