ചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി വിക്ഷേപിച്ചു

Update: 2023-09-02 08:34 GMT

ബെംഗളുരു: ചന്ദ്രയാന്‍-മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ സൂര്യനെ പഠിക്കാനും ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. നേരത്തേ നിശ്ചയിച്ച ഭ്രമണപഥത്തില്‍ ആദിത്യ എല്‍-ഒന്ന് കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ് സോമനാഥ് അറിയിച്ചു. ഇനി ഉപഗ്രഹം ലാഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കും. 125 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്രയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ കാലാവസ്ഥ, സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം എന്നിവ ഉള്‍പ്പെടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ചും പഠനം നടത്തും.

    1500 കിലോ ഭാരമാണ് ആദിത്യ എല്‍ ഒന്നിലുള്ളത്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്‌യുഐടി), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്ഇഎല്‍1ഒഎസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ്(എഎസ്പിഇഎക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പിഎപിഎ), മാഗ്‌നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്ഒഎല്‍ഇഎക്‌സ്എസ്) എന്നിങ്ങനെ ഏഴ് പരീക്ഷണോപകരണങ്ങള്‍ (പേലോഡുകള്‍) ആണ് ഇതിലുള്ളത്.

    ശനിയാഴ്ച രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് പിഎസ്എല്‍വി സി57 റോക്കറ്റില്‍ ആദിത്യ എല്‍-ഒന്ന് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക.

Tags:    

Similar News