വഞ്ചിയൂര്‍ കോടതി സംഘര്‍ഷം: 'എന്റെ മുതുകില്‍ ആഞ്ഞടിച്ചു, അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; വനിതാ മജിസ്‌ട്രേറ്റിനെതിരേ അഭിഭാഷകയുടെ പരാതി
വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കാണിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായ ആര്‍ കെ രാജേശ്വരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വനിത മജിസ്‌ട്രേറ്റ് ദീപാ മോഹനെതിരേ വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ വനിതാ മജിസ്‌ട്രേറ്റിനെതിരേ പുതിയ നീക്കവുമായി ബാര്‍ അസോസിയേഷന്‍. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് കാണിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായ ആര്‍ കെ രാജേശ്വരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വനിത മജിസ്‌ട്രേറ്റ് ദീപാ മോഹനെതിരേ വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
സഹപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കവെ, കോടതിയിലേക്ക് പോകാന്‍ ആ വഴിയെത്തിയ മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ തന്റെ മുതുകില്‍ ആഞ്ഞടിച്ചെന്നും തുടര്‍ന്ന് അസഭ്യം പറയുകയും തന്നോട് കളിച്ചാല്‍ നിന്നെയൊക്കെ ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് രാജേശ്വരി പരാതിയില്‍ പറയുന്നു.
സഹപ്രവര്‍ത്തകരുടെയും മറ്റ് അഭിഭാഷകരുടെയും മുന്നില്‍ വച്ച് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടി മാനഹാനിക്ക് ഇടയാക്കിയതായും പരാതിയിലുണ്ട്. അഭിഭാഷകയുടെ പരാതിയില്‍ കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂര്‍ പോലിസ് അറിയിച്ചു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കുമെന്നും പോലിസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും പരാതി നല്‍കിയിട്ടുണ്ട്.
വാഹന അപകട കേസിലെ വാദിയായ സ്ത്രിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്‌ട്രേറ്റ് റദ്ദാക്കിയതാണ് മജിസ്‌ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തിന് കാരണം. കഴിഞ്ഞദിവസം വഞ്ചിയൂര്‍ കോടതിയില്‍ വനിത മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ദീപാ മോഹന്റെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരേ പോലിസ് ജാമ്യമില്ലാ കേസെടുത്തിരുന്നു.സംഭവത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.