അസമില്‍ ആറുമാസംകൂടി 'അഫ്‌സ്പ' പ്രാബല്യത്തില്‍
ആഗസ്ത് 28 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. സായുധസേനയ്ക്ക് എവിടെയും ഓപറേഷന്‍ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റുചെയ്യാനും അടക്കം പ്രത്യേക അധികാരം നല്‍കുന്നതാണ് 'അഫ്‌സ്പ' നിയമം.
ദിസ്പൂര്‍: സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 'അഫ്‌സ്പ' നിയമത്തിന്റെ കാലാവധി അസമില്‍ ആറുമാസത്തേക്കുകൂടി നീട്ടി. ആഗസ്ത് 28 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. സായുധസേനയ്ക്ക് എവിടെയും ഓപറേഷന്‍ നടത്താനും ആരെയും വാറണ്ടില്ലാതെ അറസ്റ്റുചെയ്യാനും അടക്കം പ്രത്യേക അധികാരം നല്‍കുന്നതാണ് 'അഫ്‌സ്പ' നിയമം.
സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്തശേഷം ആഭ്യന്തര രാഷ്ട്രീയകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അസമില്‍ 1990 ലാണ് 'അഫ്‌സ്പ' നിയമം നടപ്പാക്കിയത്. 2017 സപ്തംബറില്‍ നിയമം റദ്ദാക്കി. പിന്നീട് ഇവിടെ സൈന്യത്തിന് പ്രത്യേക അധികാരം തുടരണമോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതാണ് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. അസമില്‍ അന്തിമ ദേശീയ പൗരത്വരജിസ്റ്റര്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് 'അഫ്‌സ്പ' തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനം. എന്‍ആര്‍സി പട്ടിക പുറത്തുവന്നതിനെത്തുടകര്‍ന്ന് സംസ്ഥാനം അതീവജാഗ്രതയിലായതിനാല്‍ 'അഫ്‌സ്പ' പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് സുരക്ഷാസേനയാണ് പ്രത്യേക താല്‍പ്പര്യമെടുത്തത്.
എന്‍ആര്‍സി പട്ടിക പ്രസിദ്ധീകരിച്ചശേഷം സംസ്ഥാനത്തെ ക്രമസമാധാനപ്രശ്‌നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സായുധ പോലിസ് സേനയുടെ 218 കമ്പനികളെ വിന്യസിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംസ്ഥാന സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു.