കന്നുകാലികള്‍ അലഞ്ഞുതിരിയുന്നു; കാംപസില്‍ ഗോശാല നിര്‍മിക്കാനൊരുങ്ങി ബോംബെ ഐഐടി

കാംപസിനകത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്നും അക്കാദമിക് ബ്ലോക്കുകളില്‍നിന്നും അകത്തേക്ക് മാറിയുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥരും അസോസിയേഷനും. കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കാളകള്‍ തമ്മിലുണ്ടായ പോരിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.

Update: 2019-07-16 16:24 GMT

മുംബൈ: അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ കാംപസില്‍ ഗോശാല നിര്‍മിക്കാനൊരുങ്ങുകയാണ് ബോംബെ ഐഐടിയിലെ ഉദ്യോഗസ്ഥരും കാംപസിലെ പശുപ്രേമി അസോസിയേഷനും. കാംപസിനകത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്നും അക്കാദമിക് ബ്ലോക്കുകളില്‍നിന്നും അകത്തേക്ക് മാറിയുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥരും അസോസിയേഷനും. കഴിഞ്ഞ വ്യാഴാഴ്ച രണ്ട് കാളകള്‍ തമ്മിലുണ്ടായ പോരിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. കാംപസില്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്ന പി എല്‍ അക്ഷയ് (21) എന്ന വിദ്യാര്‍ഥിക്കാണ് കാളകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

എന്നാല്‍, കാളകള്‍ വിദ്യാര്‍ഥിയെ ആക്രമിച്ചതല്ലെന്നും കാള ഓടിപ്പോവുന്ന സ്ഥലത്ത് നിന്നതാണ് അപകടത്തിന് കാരണമെന്നുമാണ് അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച ഗ്രെയ്റ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള കാലിപിടിത്തസംഘം വാനുമായി കാംപസിനുള്ളില്‍ പ്രവേശിച്ചിരുന്നു. സ്ഥാപനത്തിലെ ചില ജീവനക്കാരും കാളകളെ ഐഐടി ഗേറ്റിന് പുറത്താക്കാന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍, കാംപസിനുള്ളിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കാളകളെ കാംപസിന് പുറത്തേക്ക് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പിടികൂടിയ കാളയെ ഇവിടെ ഉപേക്ഷിച്ച് നഗരസഭാ ഉദ്യോഗസ്ഥര്‍ മടങ്ങി. തുടര്‍ന്ന് പോവൈ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

എസ്‌ഐ അനില്‍ പോഫൈലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രശ്‌നം സംസാരിച്ച് രമ്യതയിലെത്തിക്കുകയായിരുന്നു. ഇതിനുശേഷമാണ് അലഞ്ഞുതിരിയുന്ന കാലികളെ സംരക്ഷിക്കാന്‍ ഗോശാല നിര്‍മിക്കാന്‍ നേരത്തെ ആലോചിച്ചിരുന്ന പദ്ധതി എത്രയുംവേഗം നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും അസോസിയേഷനും തീരുമാനിച്ചത്. ഐഐടി കാംപസിനകത്ത് മൂന്നിടത്തായി ഏതാണ്ട് 40 ഓളം കാലികളാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. അതേസമയം, അക്കാദമിക് ബ്ലോക്കുകള്‍ക്ക് സമീപമോ ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപമോ ഗോശാല നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ഒഴിഞ്ഞ പ്രദേശം ഇതിനായി തിരഞ്ഞെടുക്കണമെന്നും വിദ്യാര്‍ഥി പ്രതിനിധി പ്രതികരിച്ചു.

Tags:    

Similar News