ഹമാസ് കണ്ണുരുട്ടി; ജെറുസലേം പരേഡ് ഉപേക്ഷിച്ച് ഇസ്രായേല്‍

വരുന്ന വ്യാഴാഴ്ച ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജെറുസലേമിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ നടത്താനിരുന്ന 'പതാകകളുടെ മാര്‍ച്ചാണ്' ഹമാസിന്റെ കണ്ണുരട്ടലിനെതുടര്‍ന്ന് ഉപേക്ഷിച്ചത്.

Update: 2021-06-08 08:46 GMT

ജെറുസലേം: ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസിന്റെ കര്‍ശന മുന്നറിയിപ്പിനെ തുടര്‍ന്ന് അധിനിവിഷ്ട ജെറുസലേമില്‍ ഇസ്രായേലിലെ തീവ്ര ജൂത വലതുപക്ഷ ഗ്രൂപ്പുകള്‍ നടത്താനിരുന്ന വിവാദ പതാക പരേഡ് (ഫ്‌ലാഗ് മാര്‍ച്ച്) റദ്ദാക്കി. വരുന്ന വ്യാഴാഴ്ച ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജെറുസലേമിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ നടത്താനിരുന്ന 'പതാകകളുടെ മാര്‍ച്ചാണ്' ഹമാസിന്റെ കണ്ണുരട്ടലിനെതുടര്‍ന്ന് ഉപേക്ഷിച്ചത്.

ഹമാസിന്റെ ഭീഷണിയെ തുടര്‍ന്ന് പതാക മാര്‍ച്ചിന് പോലിസ് അനുമതി നിഷേധിക്കുകയായിരുന്നു. തങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പോലിസ് വിസമ്മതിച്ചതിനാല്‍ പരേഡ് റദ്ദാക്കുന്നതായി മാര്‍ച്ച് സംഘടിപ്പിച്ച ഗ്രൂപ്പുകളിലൊന്നിന്റെ വക്താവ് പറഞ്ഞു.

ഫ്‌ലാഗ് മാര്‍ച്ചിന്റെ ഇപ്പോഴത്തെ റൂട്ടിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ഇസ്രയേല്‍ പോലിസ് ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു. ജൂത കുടിയേറ്റക്കാര്‍ ജെറുസലേം റാലി നടത്തിയാല്‍ ശക്തമായ പ്രതികരണമുണ്ടാവുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ച് മേഖലയില്‍ പുതിയ അക്രമങ്ങള്‍ക്ക് കാരണമാകുമെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ ഹയ്യ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് പരേഡിന് അനുമതി നിഷേധിച്ചതും പരേഡ് റദ്ദാക്കിയതും.

'വ്യാഴാഴ്ചയിലെ മാര്‍ച്ച് കിഴക്കന്‍ ജറുസലേമിലേക്കും അല്‍അക്‌സാ പള്ളി കോമ്പൗണ്ടിലേക്കും മാര്‍ച്ച് നടത്താന്‍ അനുവദിക്കുന്നതിനെതിരെ ഞങ്ങള്‍ അധിനിവേശ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നു,സന്ദേശം വ്യക്തമാണെന്നും വ്യാഴാഴ്ച മറ്റൊരു മെയ് 10 ആയി മാറാതിരിക്കണമെന്നും' ഖലീല്‍ ഹയ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അധിനിവേശ ഭരണകൂടത്തെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തങ്ങള്‍ മധ്യസ്ഥരോടും അന്താരാഷ്ട്ര സമൂഹത്തോടും വ്യക്തമായി പറയുന്നു, അല്ലാത്തപക്ഷം ശക്തമായി ചെറുത്തുനില്‍പ്പ് ഉണ്ടാവും.തങ്ങള്‍ക്ക് യുദ്ധത്തില്‍ താല്‍പ്പര്യമില്ല, പക്ഷേ ഞങ്ങളുടെ ഭൂമിയില്‍ സ്വാതന്ത്ര്യവും സ്ഥിരതയും വേണം-ഹമാസ് നേതാവ് വ്യക്തമാക്കി.

മറ്റൊരു സംഘര്‍ഷത്തിന് തുടക്കം കുറിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് മാര്‍ച്ച് റദ്ദാക്കണമെന്ന് ഇസ്രയേല്‍ സൈനികകാര്യ മന്ത്രി ബെന്നി ഗാന്റ്‌സ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News