സ്ത്രീകളുടെ വിവാഹപ്രായം; ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിടയില്ല

വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ മത മൗലിക വാദികള്‍ എതിര്‍ക്കുന്നു എന്ന തരത്തിലാണ് ആദ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായത്. എന്നാല്‍ ഇടതു സംഘടനകള്‍ എതിര്‍ക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ സാമൂഹിക പ്രചാരണത്തിന്റെ ദിശ മാറിയിരിക്കുകയാണ്.

Update: 2021-12-20 05:29 GMT

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താനുള്ള ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിടയില്ല. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഉള്‍പ്പെടുത്തിയില്ല. ബില്ലിനെ പറ്റി കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ബില്‍ അതരിപ്പിക്കണമെന്ന് രാവിലെ തീരുമാനിക്കുകയാണെങ്കില്‍ അധിക അജണ്ടയായി ബില്‍ കൊണ്ടുവരാന്‍ സാധിക്കും. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഐക്യമായിട്ടില്ല. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണം എന്ന നിര്‍ദ്ദേശം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം മുന്നോട്ടു വച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും എസ്പിയും എംഐഎമ്മും ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിക്കുന്നു എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ നിലപാട്. എന്നാല്‍ ബില്ലിനെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എതിര്‍ക്കുകയാണ്. ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹ പ്രായം 21 ആയി നിശ്ചയിക്കണമെന്നും ഇതിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വര്‍ഷം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഒരു വര്‍ഷത്തിനു ശേഷം ഇത് നടപ്പാക്കാം എന്നുമാണ് ചിദംബരത്തിന്റെ അഭിപ്രായം. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ മൗനം തുടരുകയാണ്. മുത്തലാഖ് ബില്‍ വന്നപ്പോള്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ച ശേഷം രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. കേന്ദ്ര നീക്കത്തിനെതിരേ ജനാധിപത്യ മഹിള അസോസിയേഷന്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

 പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്ര നീക്കമെന്നാണ് ജനാധിപത്യ മഹിള അസോസിയേഷന്‍ പറയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പോലും ആണ്‍കുട്ടികള്‍ക്കെതിരേ അനാവശ്യകേസുകള്‍ക്കും പെണ്‍കുട്ടികളുടെ സ്വകാര്യതയുടെ ലംഘനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി കുറച്ചു കൊണ്ടു വരികയാണ് വേണ്ടതെന്നാണ് പൊതുവില്‍ ഇടതു വനിത സംഘടനകള്‍ പറയുന്നത്. അഖിലേന്ത്യ മഹിള അസോസിയേഷന്‍ നേതാവ് ആനി രാജയും ഇതേ നിലപാടാണ് പ്രഖ്യാപിച്ചത്. വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ മത മൗലിക വാദികള്‍ എതിര്‍ക്കുന്നു എന്ന തരത്തിലാണ് ആദ്യം സോഷ്യല്‍ മീഡിയകളില്‍ പ്രചാരണമുണ്ടായത്. എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഇടതു സംഘടനകള്‍ ആ നീക്കത്തെ എതിര്‍ക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ ദിശ മാറിയിരിക്കുകയാണ്.

Tags:    

Similar News