'സൈനിക നയം തിരുത്തിയില്ലെങ്കില്‍ ഭീകരവാദികളാവും'; പരസ്യ വെല്ലുവിളിയുമായി സമരക്കാര്‍ (വീഡിയോ)
ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ തങ്ങള്‍ ഭീകരവാദികളാവുമെന്ന പരസ്യ ഭീഷണിയുമായി പ്രക്ഷോഭകര്‍. അഗ്നിപഥ് പദ്ധതിക്കെതിരേ സമരവുമായി തെരുവിലിറങ്ങിയവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ തീവ്രവാദികളാവുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകരുടെ നേതൃത്വത്തില്‍ രാജ്യവ്യാപക ആക്രമവും സംഘര്‍ഷവും വ്യാപിക്കുന്നതിനിടേയാണ് സമരക്കാരുടെ പരസ്യമായ ഭീഷണി.
Protesters are openly saying if the regime doesn't take back its new military recruitment policy, they will become terrorists. Imagine the Indian media's reactions if they were Muslim or Sikh protesters! pic.twitter.com/aafIPSszju
— Ashok Swain (@ashoswai) June 17, 2022
പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയം ഭരണകൂടം തിരിച്ചെടുത്തില്ലെങ്കില്‍ തങ്ങള്‍ തീവ്രവാദികളാകുമെന്ന് പ്രതിഷേധക്കാര്‍ തുറന്നടിച്ചു. സമരക്കാരുടെ ആക്രമണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാടുകളും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തീവ്രവാദികളാവുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന സമരക്കാര്‍ മുസ് ലിംകളോ സിഖുകാരോ ആണെങ്കില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് വിമര്‍ശകര്‍ ചോദിച്ചു.
അതേസമയം, ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്‌നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാന്‍ സായുധ സേനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികള്‍ ഇന്ന് തന്നെ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികള്‍ ആരംഭിക്കും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയര്‍ത്തുന്നത് ആലോചിക്കും. അതിനിടെ റിക്രൂട്ട്‌മെന്റ് പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാര്‍ത്ഥി ഒഡീഷയില്‍ ആത്മഹത്യ ചെയ്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ബീഹാറില്‍ ഇതുവരെ 507 പേര്‍ അറസ്റ്റിലായെന്ന് പോലിസ് പറഞ്ഞു. ഏഴുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാറ്റ്‌ന ഉള്‍പ്പെടെ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ കൂട്ടി. ബിഹാറിലെ ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്‍ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാള്‍ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പോലിസുകാരെ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.
ഹരിയാനയിലും ബിഹാറിലും ഇന്റര്‍നെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബീഹാര്‍ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയില്‍ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പോലിസ് അറസ്റ്റ് ചെയ്തു. 94 എക്‌സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചര്‍ ട്രയിനുകളുമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യന്‍ റെയില്‍ വേ അറിയിച്ചു.
അഗ്‌നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. പലയിടങ്ങളിലും അക്രമങ്ങളെ തുടര്‍ന്ന് വിച്ഛേദിച്ച ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുര്‍ണാം സിംഗ് ചതുണിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം തുടങ്ങി.
പല്‍വാളിലും , ഗുഡ്ഗാവിലും, ഫരീദാബാദിലുമാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. പല്‍വാളിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വിച്ഛേദിച്ച ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അക്രമം നടന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച്ച നടന്ന അക്രമങ്ങളില്‍ സംസ്ഥാനത്തിന് വലിയ നാശനഷ്ങ്ങളുണ്ടായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പ്രതിഷേധങ്ങള്‍ സമാധാനപരമാകണമെന്നുറപ്പിക്കാന്‍ പൊലീസ് ഡിഫന്‍സ് എക്കാദമി മേധാവികളുമായി ചര്‍ച്ച നടത്തി.