അധിനിവേശ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിനോട് ചേര്‍ക്കല്‍: തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നു പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്
തെല്‍ അവീവ്: ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വിവാദ തീരുമാനത്തിന് അംഗീകാരം നല്‍കി ഇസ്രായേല്‍ മന്ത്രിസഭ. അധിനിവേശ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിനോട് ചേര്‍ക്കാനുള്ള തീരുമാനത്തിനാണ്് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ചയെടുത്ത തീരുമാനത്തിന് വളരെ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നു പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ ഐക്യവും അഖണ്ഡതയും പ്രധാനമാണ്. ഇസ്രയേലിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ താഴ്‌വാരം അതിനിര്‍ണായകമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങളെന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതികളോടു ചേര്‍ന്ന് ഇത് സാധിക്കാനാവുമെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. നെതന്യാഹുവിന്റെ പ്രസ്താവന മേഖലയില്‍ അക്രമം കൊണ്ടുവരാനും സമാധാന ചര്‍ച്ചകളെ തടസ്സപ്പെടുത്താനും മാത്രമേ ഉപകരിക്കൂ എന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി പ്രതികരിച്ചിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്നായിരുന്നു പലസ്തീന്റെയും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തറാസിന്റെയും പ്രതികരണം.
ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മന്ത്രിസഭാ തീരുമാനം തികച്ചും പ്രകോപനപരമാണെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.