ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-എസ് ഡിപി ഐ സഖ്യം മല്‍സരിക്കും. എസ്ഡിപിഐയെ കൂടാതെ ദേശീയ മുര്‍പോക്കു ദ്രാവിഡ് കഴകം(ഡിഎംഡികെ), പുതിയ തമിഴകം, പുരട്ച്ചി ഭാരതം, ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. സഖ്യത്തിന്റെ ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക മുന്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യാ അണ്ണാ ഡിഎംകെ(എഐഎഡിഎംകെ) ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി പുറത്തിറക്കി. ധാരണ പ്രകാരം ദിണ്ടിഗല്‍ ലോക്‌സഭാ മണ്ഡലത്തിലാണ് എസ് ഡിപി ഐ മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറകാണ് സ്ഥാനാര്‍ഥി. തിരുനെല്‍വേലി പാളയംകോട്ട സ്വദേശിയായ നെല്ലൈ മുബാറക് മികച്ച സംഘാടകനും വാഗ്മിയുമാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാളയംകോട്ട മണ്ഡലത്തില്‍ നിന്ന്് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി 12,241 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഡിഎംകെ മുന്നണിയില്‍ മല്‍സരിക്കുന്ന സിപിഎമ്മിലെ ആര്‍ സച്ചിതാനന്ദനാണ് പ്രധാന എതിര്‍ സ്ഥാനാര്‍ഥി. പളനി, ഒഡന്‍ചത്രം, ദിണ്ടിഗല്‍, അത്തൂര്‍, നിലക്കോട്ടെ, നാഥം, നിയമസഭാ മണ്ഡലങ്ങളാണ് ദിണ്ടിഗല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. എസ്‌സി സംവരണ മണ്ഡലമായ തെങ്കാശിയില്‍ പുതിയ തമിഴകം മല്‍സരിക്കും. ഡിഎംഡികെ അഞ്ച് സീറ്റില്‍ മല്‍സരിച്ചേക്കുമെന്നാണ് റിപോര്‍ട്ട്.
എഐഎഡിഎംകെ ഒന്നാംഘട്ടത്തില്‍ 16 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ എംപി ജെ ജയവര്‍ദ്ധനെയും മുന്‍ എംഎല്‍എ ഡോ. പി ശരവണനും മല്‍സരിക്കുന്നുണ്ട്. ജെ ജയവര്‍ദ്ധന്‍(ചെന്നൈ സൗത്ത് മണ്ഡലം), റോയപുരം മനോഹര്‍(ചെന്നൈ നോര്‍ത്ത്), ഇ രാജശേഖര്‍(കാഞ്ചീപുരം), എ എല്‍ വിജയന്‍(ആറക്കോണം), വി ജയപ്രകാശ്(കൃഷ്ണഗിരി), ജിവി ഗജേന്ദ്രന്‍(ആറണി), ജെ ഭാഗ്യരാജ്(വില്ലുപുരം), പി വിഘ്‌നേഷ്(സേലം), എസ് തമിഴ്മണി(നാമക്കല്‍), അശോക് കുമാര്‍(ഈറോഡ്), കെ ആര്‍ എല്‍ തങ്കവേല്‍(കരൂര്‍), എം ചന്ദ്രഹാസന്‍(ചിദംബരം), പി ശരവണന്‍(മധുര), വി ടി നാരായണസാമി(തേനി), പി ജയപെരുമാള്‍(വിരുദുനഗര്‍), സുര്‍സിത് ശങ്കര്‍(നാഗപട്ടണം) എന്നിങ്ങനെയാണ് എഐഡിഎംകെ സ്ഥാനാര്‍ഥികള്‍. ഇനിയും നിരവധി ചെറുപാര്‍ട്ടികള്‍ സഖ്യത്തില്‍ ചേരുമെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് ഒന്നാംഘട്ടത്തിലാണ് നടക്കുന്നത്.