വിമാനം കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം ഇനാം പ്രഖ്യാപിച്ച് വ്യോമസേന
ജൂണ്‍ മൂന്നിനാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എഎന്‍-32 വിമാനം കാണാതായത്. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലേക്കു പറക്കവെ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നിനാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എഎന്‍-32 വിമാനം കാണാതായത്. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. എയര്‍ മാര്‍ഷല്‍ ആര്‍ ഡി മാത്തൂര്‍ ആണ് ഇനാം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിമാനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0378-3222164, 9436499477, 9402077267, 9402132477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനാണ് നിര്‍ദേശം. വിമാനം കണ്ടെത്താനായി തങ്ങള്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. കരസേനയുടെയും അരുണാചല്‍ പ്രദേശ് സിവില്‍ അധികൃതരുടെയും മറ്റ് ദേശീയ ഏജന്‍സികളുടെയും സഹായം വ്യോമസേന തേടിയിട്ടുണ്ടെന്ന് വിങ് കമാന്‍ഡര്‍ രത്‌നാഗര്‍ സിങ് അറിയിച്ചു. വിമാനത്തിനായുള്ള തിതരച്ചില്‍ ഇന്ന് പുനരാരംഭിക്കും.
വെളിച്ചക്കുറവ് മൂലം ഇന്നലെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. എട്ടു ജീവനക്കാരും അഞ്ച് യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാണാതായവരില്‍ കണ്ണൂര്‍ സ്വദേശി എന്‍ കെ ഷരിനും ഉള്‍പ്പെടുന്നു. ജോര്‍ഹട്ടില്‍നിന്ന് മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി മാറ്റിവച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമെന്നു തോന്നിയ ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോര്‍ഹട്ടില്‍നിന്നു പുറപ്പെട്ട വിമാനം അരമണിക്കൂറിനുശേഷം കാണാതാവുകയായിരുന്നു.
ഒരുമണിയോടെയാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കര, വ്യോമസേനകള്‍ക്ക് പുറമെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസും സംസ്ഥാന പോലിസും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. വ്യോമസേനയുടെ യുദ്ധവിമാനങ്ങളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. അരുണാചല്‍പ്രദേശിലെ വന്‍ മലനിരകള്‍ നിറഞ്ഞ വനമേഖലകളിലെ തിരച്ചില്‍ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രദേശങ്ങളില്‍ പെയ്യുന്ന ശക്തമായ മഴയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായി വ്യോമസേനാ വക്താവ് അറിയിച്ചു.