വ്യോമാക്രമണം തങ്ങള്‍ക്ക് 22 ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ സഹായിക്കും: ബി എസ് യെദ്യൂരപ്പ

വ്യോമാക്രമണത്തിലൂടെ കര്‍ണാടകയില്‍ ബിജെപിക്കുള്ള 16 ലോക്‌സഭാ സീറ്റുകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 22ലേക്ക് ഉയരുമെന്നായിരുന്നു ചിത്രദുര്‍ഗയില്‍ ഒരു റാലിക്കിടെ യെദ്യൂരപ്പ പറഞ്ഞത്.

Update: 2019-02-28 04:42 GMT

ബംഗളൂരു: പാകിസ്താനിലെ ജയ്‌ഷെ ക്യാംപുകള്‍ തകര്‍ക്കാനിടയാക്കിയ വ്യോമസേനയുടെ ആക്രമണം തങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ 22 മുതല്‍ 28 ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്ന വിവാദ പരാമര്‍ഷവമായി ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യുരപ്പ.

വ്യോമാക്രമണത്തിലൂടെ കര്‍ണാടകയില്‍ ബിജെപിക്കുള്ള 16 ലോക്‌സഭാ സീറ്റുകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 22ലേക്ക് ഉയരുമെന്നായിരുന്നു ചിത്രദുര്‍ഗയില്‍ ഒരു റാലിക്കിടെ യെദ്യൂരപ്പ പറഞ്ഞത്. പാകിസ്താനെതിരായ നടപടിയിലൂടെ രാജ്യത്ത് അനുദിനം ബിജെപിക്ക് അനുകൂലമായ കാറ്റടിക്കുകയാണ്. പ്രധാനമന്ത്രി മോദി സൃഷ്ടിച്ച ഈ തരംഗം ബിജെപിക്ക് മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യെദ്യുരപ്പയുടെ വിവാദ പരാമര്‍ശത്തിനെതിരേ എതിര്‍പാര്‍ട്ടികള്‍ രംഗത്തെത്തി. ബിജെപി ജവാന്‍മാരുടെ മരണത്തെ പോലും രാഷ്ട്രീയവല്‍കരിച്ച് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നുവെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള എതിര്‍പാര്‍ട്ടികള്‍ രംഗത്തെത്തി.

ഞെട്ടലുളവാക്കുന്നതും അറപ്പുളവാക്കുന്നതുമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് നീക്കം. സംഘര്‍ഷങ്ങള്‍ ഒടുങ്ങുന്നതിനു മുമ്പ് രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ബിജെപി വ്യോമാക്രമണത്തെ ഉപയോഗിക്കുന്നു. രാജ്യസ്‌നേഹമല്ല ഇതെന്നും ജവാന്‍മാരുടെ മരണത്തെപോലും വോട്ടാക്കുകയാണ് ബിജെപിയും ആര്‍എസ്സഎസ് എന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ യെദ്യുരപ്പയ്‌ക്കെതിരേ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

യെദ്യൂരപ്പയുടെ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയകളിലും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

Tags:    

Similar News